ജറുസലേം: ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ ഓഫീസില്‍ ഇസ്രയേല്‍ അധികൃതരുടെ പരിശോധന. ബുധനാഴ്ചയാണ് ഇസ്രയേലിലെ എന്‍.എസ്.ഒയുടെ ഓഫീസുകളില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയത്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റെയ്ഡ്.

തങ്ങളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യപ്പെട്ട കാര്യം എന്‍.എസ്.ഒ. സ്ഥിരീകരിച്ചതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുതാര്യമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ നടന്നിരിക്കുന്ന പരിശോധനകള്‍ അടുത്തിടെ കമ്പനിക്കെതിരേ ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

രാജ്യാന്തര തലത്തിലുള്ള മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒട്ടേറെ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതായി വ്യക്തമായത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങി നിരവധി പേരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം പെഗാസസ് വിഷയം ഉയര്‍ത്തി കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരിന് ബന്ധമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുന്നത്.

ഫ്രാന്‍സിലും പെഗാസസ് ഫോണ്‍ ചോര്‍ച്ച വന്‍വിവാദമായിരുന്നു.

Content Highlights: Pegasus- Israel government raids NSO offices