ഇസ്ലാമാബാദ്: രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടുവെന്ന് രാജ്യത്തെ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ്. പാകിസ്താനിലെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.

പാകിസ്താന്റെ വിദേശനയം പരാജയപ്പെട്ടുവെന്നും രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് മേല്‍ക്കയ്യെന്നും പര്‍വെസ് മുഷറഫ് വ്യക്തമാക്കി. തീവ്രവാദം നേരിടുന്ന വിഷയത്തില്‍ അമേരിക്കയില്‍നിന്ന് പാകിസ്താന് കടുത്ത പ്രഹരം ഏല്‍ക്കേണ്ടിവന്നതിന് പിന്നാലെയാണ് പാക് ഭരണകൂടത്തിനെതിരെ മുഷറഫ് ആഞ്ഞടിച്ചത്.

രാജ്യാന്തര തലത്തില്‍ പാകിസ്താന് യാതൊരു മതിപ്പുമില്ലെന്ന് മുഷറഫ് പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയാണെന്ന് പാകിസ്താന് സമ്മതിക്കേണ്ടിവന്നത്. ലഷ്‌കര്‍ ഇ തൊയ്ബ കശ്മീരില്‍ സജീവമാണെന്നും ഹാഫിസ് സയീദിന്റെ ജമാത്ത് ഉദ്ധവയെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അഭിമുഖത്തിനിടെ മുഷറഫ് വ്യക്തമാക്കി.

പാകിസ്താന് സൈനിക സഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് അമേരിക്ക അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരേസമയം തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തുകയും ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്നതിന്റെ പേരിലായിരുന്നു ട്രംപിന്റെ നടപടി.