ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന ഭീകര സംഘടനകളായ ജമാത്ത് ഉദ്ധവ, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ്. 2018 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭീകര സംഖടനകളുമായി കൈകോര്‍ക്കുമെന്നാണ് മുഷറഫ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സഖ്യമുണ്ടാക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ദുബായില്‍ കഴിയുന്ന മുഷറഫ് പാകിസ്താനിലെ ആജ് ന്യൂസ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. പാകിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി വിശാല സഖ്യമുണ്ടാക്കുമെന്ന് മുഷറഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഷറഫിന്റെ സഖ്യത്തിന്റെ ഭാഗമാകാന്‍ മിക്ക പാര്‍ട്ടികളും തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഭീകര സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന മുഷറഫിന്റെ പ്രഖ്യാപനം.

പാകിസ്താന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയുമെന്ന് അവകാശപ്പെട്ട മുഷറഫ് അവര്‍ക്ക് താലിബാന്‍ അല്‍ ഖ്വെയ്ദ എന്നിവയുമായി ബന്ധമില്ലെന്നും ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. മില്ലി മുസ്ലിം ലീഗെന്ന പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീകര സംഘടനയായ ജമാത്ത് ഉദ്ധവ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മില്ലി മുസ്ലിം ലീഗിന് ആരാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.

ജമാത്ത് ഉദ്ധവയെ അമേരിക്ക 2014 ല്‍ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജമാത്ത് ഉദ്ധവ തലവന്റെ തലയ്ക്ക് അമേരിക്ക പത്ത് മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഹാഫിസ് സയീദിനെ നവംബര്‍ 24 ന് വിട്ടയച്ച പാകിസ്താന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു.

Parvez Musharraf Pakistan Hafiz Saeed