ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുഷറഫിന് പെഷവാര്‍ ഹൈക്കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണിത്. ജൂലായ് 25നാണ് പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്.

ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍നിന്ന് മത്സരിക്കാനായിരുന്നു മുഷറഫിന്റെ നീക്കം. 2013 ല്‍ പെഷവാര്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ജൂണ്‍ 13 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉപാധിയില്‍ മുഷറഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുഷറഫ് കോടതിയില്‍ ഹാജരായില്ല.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നല്‍കിയ അനുമതി ഇതേത്തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പാകിസ്താനിലെ കറാച്ചിയില്‍ മുഷറഫ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയും ഇതേകാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ തള്ളിയിട്ടുണ്ട്. ജൂണ്‍ 22 വെര മുഷറഫിന് അപ്പീല്‍ നല്‍കാം.