ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി പരിഹസിക്കുന്ന പാരഡി വീഡിയോയും കുറിപ്പും പങ്കുവെച്ച് സെര്‍ബിയയിലെ പാകിസ്താന്‍ എംബസി. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. 

പണപ്പെരുപ്പം മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കുമ്പോള്‍, എത്രകാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിശ്ശബ്ദത പാലിച്ച് നിങ്ങള്‍ക്കായി ജോലി ചെയ്യുന്നത് തുടരുമെന്ന് ഇമ്രാന്‍ ഖാനോട് ട്വീറ്റില്‍ ആരായുന്നു. മൂന്നുമാസമായി ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയെന്നും ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണോ പുതിയ പാകിസ്താന്‍(നയാ പാകിസ്താന്‍) എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. 

image 1
Photo Courtesy: NDTV Screengrab 

'പരിഭ്രാന്തരാകേണ്ട' എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നതിനോട് ചേര്‍ത്താണ് പാരഡി വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 'എന്നോട് ക്ഷമിക്കൂ ഇമ്രാന്‍ ഖാന്‍. എനിക്ക് മറ്റൊരു മാര്‍ഗവുമില്ലാഞ്ഞിട്ടാണ്' എന്നൊരു ട്വീറ്റും ഇതേ അക്കൗണ്ടില്‍നിന്നുണ്ട്. 

iamge 2
Photo Courtesy: NDTV Screengrab 

എന്നാല്‍, കുറച്ചു സമയത്തിനു ശേഷം ഈ ട്വീറ്റുകളും വീഡിയോയും നീക്കം ചെയ്യപ്പെട്ടു. പിന്നാലെ, സെര്‍ബിയയിലെ പാകിസ്താന്‍ എംബസിയുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ട്വീറ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പോസ്റ്റ് ചെയ്ത മെസേജുകള്‍ സെര്‍ബിയയിലെ പാകിസ്താന്‍ എംബസിയുടേതല്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.  

ഇമ്രാനെ പരിഹസിക്കുന്ന വീഡിയോ, വിരമിച്ച മേജര്‍ ജനറല്‍ ഹര്‍ഷ കാകര്‍ പങ്കുവെച്ചിട്ടുണ്ട്.

 

content highlights: parody video and tweet targeting imran khan appears in pakistan's embassy in serbia account