ഹോങ്കോങ്: വന്‍ നഗരങ്ങളില്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോങ്കോങ് നഗരത്തില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടം വിറ്റുപോയ തുകയറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. ഏകദേശം ഏഴു കോടിയോളം രൂപയ്ക്കാണ് (969,000 ഡോളര്‍) ഒരു വന്‍കിട കെട്ടിട സമുച്ചയത്തിലെ പാര്‍ക്കിങ്ങിനുള്ള ഇടം വില്‍പന നടത്തിയത്.

ഹോങ്കോങ്ങിലെ 73 നിലയുള്ള പ്രശസ്തമായ കെട്ടിടത്തിനു താഴെയുള്ള പാര്‍ക്കിങ് സ്ഥലമാണ് ഞെട്ടിക്കുന്ന തുകയ്ക്ക് വില്‍പന നടന്നത്. അതിസമ്പന്നരും വന്‍കിട വ്യവസായികളും താമസിക്കുന്ന കെട്ടിടമാണ് ഇത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള 134.5 ചതുരശ്രയടിയുള്ള പാര്‍ക്കിങ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് 5.2 ലക്ഷം രൂപ വിലയ്ക്കാണ് വില്‍പന നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഹോങ്കോങ്ങില്‍ ഒരു ഇടത്തരം വീടിന്റെ വിലയുടെ മൂന്നിരട്ടിയാണ് ഈ തുക. സര്‍ക്കാര്‍ കണക്കു പ്രകാരം ഹോങ്കോങ് വാസികളില്‍ അഞ്ചില്‍ ഒരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഹോങ്കോങ്ങിലെ കടുത്ത സാമ്പത്തിക അസമത്വത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് അടിക്കടി വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Parking Space In Hong Kong Sold For Nearly 7 crore