ബെയ്ജിങ്: ചൈനീസ് സര്‍ക്കാര്‍ പാസാക്കാനരുങ്ങുന്ന പുതിയ നിയമം അനുസരിച്ച് കുട്ടികള്‍ മോശം രീതിയില്‍ പെരുമാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കണമെന്നത് ഉള്‍പ്പെടെ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

കുട്ടികള്‍ മോശമായി പെരുമാറുന്നതിന് പ്രധാന കാരണം വീട്ടില്‍ നിന്ന് കൃത്യമായി ഗുണപാഠങ്ങള്‍ പഠിക്കാത്തതിനാലാണ്.അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്ന് ചൈനീസ് പാര്‍ലമെന്റ് വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുട്ടികള്‍ളില്‍ വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ ഗെയ്മുകളോടുള്ള അപകടകരമായ താത്പര്യം ഇല്ലാതാക്കുന്നതിനും നേരത്തെ ചൈന  നിയമം പാസാക്കിയിരുന്നു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയ്മുകള്‍ കളിക്കുന്നതിനുള്ള സമയം ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ വീതമാണ് ഇതിന് അനുവാദമുള്ളത്. രക്ഷിതാക്കള്‍ക്ക് ശിക്ഷ കിട്ടുന്ന തരത്തിലുള്ള നിയമം അടുത്ത ആഴ്ചയോടെ പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.

Content Highlights: parents will be punished for childrens bad behavior in china