സഞ്ജയ് റാവുത്ത്, പാപുവ ഗിനിയൻ പ്രധാനമന്ത്രി ജെംയിസ് മറാപ്പെ മോദിയുടെ കാൽ തൊട്ടു വന്ദിച്ചപ്പോൾ( ഇടത്) | ഫോട്ടോ: ANI, PTI
ന്യൂഡല്‍ഹി: പാപുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപ്പെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി ശിവസേന (ഉദ്ധവ് വിഭാഗം) എംപി സഞ്ജയ് റാവുത്ത്. മാജിക് പഠിപ്പിക്കാനായി ഇന്ത്യയില്‍ നിന്ന് ഏതോ മാന്ത്രികന്‍ എത്തിയതാകുമെന്നാണ് പാപുവ ന്യൂഗിനിക്കാർ കരുതിയതെന്നും അതുകൊണ്ടാകാം അവർ അത്തരത്തിൽ മോദിയെ സ്വാഗതംചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'പാപുവ ന്യൂ ഗിനിയുടെ ചരിത്രം ബി.ജെ.പി മനസ്സിലാക്കണം. ദുര്‍മന്ത്രവാദത്തിന്‍റെ വലിയ പാരമ്പര്യമുള്ള രാജ്യമാണത്. മോദി പാപുവ ന്യൂഗിനി സന്ദര്‍ശിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് ഏതോ വലിയ മാന്ത്രികന്‍ തങ്ങളെ കാണാനെത്തിയതാകുമെന്നാണ് അവിടുത്തെ ജനങ്ങള്‍ കരുതിയിട്ടുണ്ടാകുക. അതു കൊണ്ടാണ് അവര്‍ അദ്ദേഹത്തെ അങ്ങനെ വരവേറ്റത്', സഞ്ജയ് റാവുത്ത് പരിഹസിച്ചു.
പ്രായത്തില്‍ മുതിര്‍ന്നയാളായതു കൊണ്ടുതന്നെ മോദിയെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന്റെ കാല്‍ തൊട്ടുതന്നെ എല്ലാവരും വന്ദിക്കണമെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബി.ജെ.പി. അതിന് അമിത പ്രചാരം നല്‍കുകയാണെന്നും റാവുത്ത് അഭിപ്രായപ്പെട്ടു. നെഹ്‌റുവിനേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും ഇന്ദിരാഗാന്ധിയേയും പോലെയുള്ള നേതാക്കള്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുടെയും കാല്‍തൊട്ടു വന്ദിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂഗിനി സന്ദര്‍ശിച്ചത്. എയര്‍പോര്‍ട്ടിലെത്തിയ മോദിയുടെ കാല്‍തൊട്ടു വന്ദിച്ചായിരുന്നു പാപുവ ന്യൂ ഗിനിയുടെ പ്രധാനമന്ത്രി ജെംയിസ് മറാപ്പെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സഞ്ജയ് റാവുത്തിന്‍റെ പ്രതികരണം.
Content Highlights: pm narendra modi, papua new guinea visit, james marape, sanjay raut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..