കാബൂള്‍: പാഞ്ച്ഷിര്‍ പ്രവിശ്യയെ ആക്രമിച്ച് താലിബാന്‍. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തില്‍ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്താനില്‍ താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ കഴിയാത്ത പ്രവിശ്യയാണ് പാഞ്ച്ഷിര്‍.

പ്രതിരോധസേനയുടെ തലവനായ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. ഇരുവിഭാഗത്തിലെയും നിരവധിപേര്‍ക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പാഞ്ച്ഷിര്‍ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.

പാഞ്ച്ഷിര്‍ മേഖലയിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ താലിബാന്‍ ഞായറാഴ്ച വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങള്‍ കൈമാറുന്നത് തടയാനായിരുന്നു നടപടി. ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോള്‍ ഇടക്കാല പ്രസിഡന്റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരേയുളള പോരാട്ടത്തിന് തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് നേരത്തെ തന്നെ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.

Content Highlights: Panjshir attacked by Taliban confirms spokesperson of Ahmad Massoud