പ്രതീകാത്മക ചിത്രം | Photo: AP
ജനീവ: കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ വൈറസ് വ്യാപനം തടയാന്‍ ചൈനയുള്‍പ്പടെയുളള രാജ്യങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനവുമായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി. യുഎന്‍ ആരോഗ്യ ഏജന്‍സി വളരെ നേരത്തേ തന്നെ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടു. മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് എലെന് ജോണ്സണ് സര്‍ലീഫ്, മുന്‍ ന്യുസീലന്‍ഡ് പ്രധാനമന്ത്രി ഹെലന് ക്ലാര്‍ക്ക് എന്നിവര്‍ നയിക്കുന്ന വിദഗ്ധ പാനലിന്റെയാണ് വിമര്‍ശനം.
ഏറ്റവും വേഗത്തില്‍ അടിസ്ഥാന പൊതു ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പാക്കാനുളള അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൊറോണ വൈറസ് ഒരു ക്ലസ്റ്ററിലെ ജനങ്ങളെ അസുഖ ബാധിതരാക്കാന്‍ ആരംഭിച്ച, ജനുവരിയില്‍ തന്നെ ചൈനീസ് അധികൃതര്‍ വൈറസ് വ്യാപനം തടയാനുളള തങ്ങളുടെ നടപടികള്‍ ശക്തമായി നടപ്പാക്കേണ്ടതായിരുന്നു. മഹാമാരിയെ കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാന്‍ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് ശ്രമിച്ചതെന്നും പാനല്‍ അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന മഹാമാരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാന്‍ വൈകിയതെന്നും വിദഗ്ധര്‍ ആരാഞ്ഞു. ജനുവരി 22-നാണ് യുഎന്‍ ആരോഗ്യ ഏജന്‍സി അടിയന്തര സമിതി വിളിച്ചുകൂട്ടിയത്. എന്നാല്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്ക് ഭിന്നാഭിപ്രായമായിരുന്നുവെന്നും വിദഗ്ധ സമിതി കുററപ്പെടുത്തി.
വിവിധ ഭൂഖണ്ഡങ്ങളില്‍ വൈറസ് വ്യാപനം ആരംഭിച്ചിട്ടും മാര്‍ച്ച് 11 വരെ കോവിഡ് 19-നെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നില്ല. കോവിഡ് മഹാമാരിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്തതിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യസംഘടനയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Panel: China, WHO should have acted quicker to stop pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..