ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. കോവിഡ് കേസുകൾ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

ചില രാജ്യങ്ങളിലെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലോകത്തിന്റെ വലിയൊരു ഭാഗം ഓക്‌സിജന്‍ ക്ഷാമവും ആശുപത്രി കിടക്കകളുടെ ദൗർലഭ്യവും നേരിടുന്നുണ്ട്. മരണ നിരക്ക് വളരെ കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ ബ്ലൂം ബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ അഞ്ച്‌ ലക്ഷത്തിനടുത്ത് കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 9300 പേരോളം കോവിഡ് ബാധിച്ച് മരണപ്പെട്ടു. മഹാമാരി ഒഴിയുകയാണെന്നല്ല അത് അർഥമാക്കുന്നത്.

ചില പ്രദേശങ്ങളിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ വാക്സിനേഷൻ യജ്ഞം വളരെ പതുക്കെയാണ്. പലയിടത്തും നിയന്ത്രണങ്ങളിൽ ഇളവ് നൽകി.

കോവിഡ് വ്യാപനത്തിൽ കുറവ് കണ്ടതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ ഒരുങ്ങുന്ന സർക്കാരുകൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ജൂലൈ 19ന് ഇംഗ്ലണ്ട് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മാസ്ക് ധരിക്കുന്നത് വ്യക്തിപരമായ തീരുമാനമായി മാറി. കേസുകൾ കുറഞ്ഞതോടെ യൂറോപ്പിലും നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights:Pandemic is not on the wane says WHO Chief Scientist Soumya Swaminathan