കയറ്റുമതി മുടങ്ങിയ അവില്‍, പോംവഴിയായി ബിയര്‍; 'മലയാളി ബിയര്‍' പോളണ്ടിലുണ്ടായ കഥ


സാബി മുഗു

Premium

സർഗീവ് സുകുമാരനും ചന്ദ്ര മോഹനനും, മലയാളി ബിയർ

മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
ഇനി നമുക്ക് പോളണ്ടിനെപ്പറ്റി മിണ്ടിത്തുടങ്ങാം.
ലോകത്തെവിടെ നോക്കിയാലും ഒരു മലയാളി ഉണ്ടാകും.

രണ്ടാമതും മൂന്നാമതുമൊരു മലയാളി കൂടി ചേർന്നാൽ പാട്ടായി കഥയായി, പിന്നെപ്പിന്നെ പാനോത്സവമായി.

തുടക്കത്തിലേ മുന്നറിയിപ്പും പോളണ്ടും മലയാളി ടച്ചും പറയുന്നതിനു പിന്നിലൊരു കഥയുണ്ട്.
പോളണ്ടിൽ മലയാളി ഉണ്ടാക്കിയ ബിയറിന്റെ കഥ.

യൂറോപ്യൻ രാജ്യങ്ങളിൽ പല റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും മേശപ്പുറത്ത് മലയാളി എന്ന ബിയർ ബ്രാൻഡ് ഇടംപിടിച്ചിരിക്കുകയാണ്. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹനും സുഹൃത്ത് സർഗീവ് സുകുമാരനുമാണ് പോളണ്ടിൽ 'മലയാളി'യെ കുറിച്ച്‌ വാതോരാതെ സംസാരിക്കാൻ ഇടയാക്കിയത് എന്ന് വേണമെങ്കിൽ പറയാം.

ചില അപ്രതീക്ഷിത സംഭവങ്ങളായിരിക്കും പലരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയെന്ന് പറയാറില്ലേ, അത്തരത്തിൽ ഒരു സംഭവമാണ് ഇന്തോ- പോളിഷ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (IPCCI- ഇന്ത്യൻ എംബസിയുടെ കൊമേഴ്‌സ്യൽ വിഭാഗം) ബിസിനസ് റിലേഷൻ ഡയറക്ടർ ചന്ദ്രമോഹന്റേയും സുഹൃത്ത് സർഗീവ് കുമാറിന്റേയും ജീവിതത്തിലും സംഭവിച്ചത്. ഇന്ത്യയിൽനിന്ന് ആഫ്രിക്കയിലേക്ക് കയറ്റിയയക്കാൻ വേണ്ടി ഉത്തരേന്ത്യയിൽനിന്ന് എത്തിയ അഞ്ച് ടൺ അവിലാണ്‌ കഥയിലെ വഴിത്തിരിവ്.

ഇന്ത്യയിൽനിന്ന് അവിൽ എത്തിയപ്പോഴേക്കും യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങി. പിന്നാലെ യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്ക് ചരക്ക് അയക്കുന്നത് പ്രതിസന്ധിയിലായി. കെട്ടിക്കിടക്കുന്ന അഞ്ച് ടൺ അവിൽ എന്ത് ചെയ്യും? ചിന്തിച്ച് ചിന്തിച്ച് തല പുകഞ്ഞപ്പോഴാണ് കൊള്ളിയാൻ പോലെ ബിയർ എന്ന ആശയം തലയ്ക്കു പിടിച്ചത്.

വാര്‍ത്തകള്‍ക്കപ്പുറം വായിക്കാന്‍, അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

അതേക്കുറിച്ച് ചന്ദ്രമോഹൻ പറയുന്നതിങ്ങനെ:
യുക്രൈൻ - റഷ്യ യുദ്ധത്തിന് മുമ്പായിരുന്നു IPCCI-യിൽ ജോയിൻ ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് യൂറോപ്പിൽ ബിസിനസ് സംബന്ധിയായ സഹായങ്ങൾക്ക് ചേംബർ ആണ് സഹായിക്കുക. ഉത്തർപ്രദേശ് അടിസ്ഥാനമാക്കി അവിൽ കയറ്റുമതി ചെയ്യുന്ന അത്തരത്തിലൊരു കമ്പനി ഉണ്ടായിരുന്നു. അവരുടെ ഓർഡറുകളും ബിസിനസ് വിശാലപ്പെടുത്താനുള്ള ചർച്ചകളും ഒക്കെ ചെയ്തു വന്നു. ഇന്ത്യയിൽനിന്നുള്ള അവിൽ യൂറോപ്പിൽ വിതരണം ചെയ്യുന്നവരായിരുന്നു ഈ കമ്പനി. ആഫ്രിക്കയിലേക്കു കൂടി ഇവർ അവിൽ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ആഫ്രിക്കൻ വ്യാപാരിയുടെ ഓർഡർ മുഖേനയാണ് അഞ്ച് കണ്ടെയ്‌നർ അവിൽ ഇന്ത്യയിൽനിന്ന് കയറ്റി അയക്കുന്നത്. ഇതിനിടയിലാണ് റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങുന്നത്. വിനിമയ നിരക്കിൽ വലിയ തോതിൽ മാറ്റം വന്നതോടെ വിൽപ്പന തടസ്സപ്പെട്ടു.

ഇനി പോളണ്ടിനെപ്പറ്റിയും അവലിനെപ്പറ്റിയും അൽപം സംസാരിക്കാം:
അഞ്ച് കണ്ടെയ്നർ അവിൽ, അതും പോളണ്ടിൽ. ഇനിയെന്ത് എന്ന ചോദ്യം. ഇത്രയും അവൽ നശിച്ചു പോകും എന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. ഇതെവിടെ സൂക്ഷിക്കും? അതിനു വരുന്ന ഭീമമായ ചെലവ്.... എല്ലാം പ്രതിസന്ധിയായിരുന്നു. എത്ര കാലം വെക്കേണ്ടി വരുമെന്നുമറിയില്ല, എപ്പോൾ വിറ്റു തീരുമെന്ന് ഉറപ്പില്ല. കണ്ടെയ്നറുകളിൽ വിശ്രമിക്കുന്ന അവലിനെ മറ്റെന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് അവർ IPCCI-യുമായി ചർച്ച ചെയ്തു. പിന്നെ ആശയങ്ങളുടെ പെരുമഴക്കാലമായിരുന്നു.

വളർത്തുമൃഗങ്ങളുടെ ഭക്ഷണം എന്ന രീതിയിൽ വിപണിയിൽ എത്തിക്കാം എന്ന ആശയം പച്ച പിടിച്ചു വരുമ്പോഴാണ് യൂറോപ്പിലെ മൃഗനിയമങ്ങൾ വിലങ്ങുതടിയാവുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് പ്രാധാന്യമുള്ളത് കൊണ്ട് ഏറെ ഗുണം ചെയ്യുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പോകപ്പോകെ അതത്ര സുഖകരമായ വഴിയല്ലെന്നു വ്യക്തമായിത്തുടങ്ങി. നിലവിൽ മികച്ച ഭക്ഷണമായിരുന്നു അരുമകൾക്കു നൽകിയിരുന്നത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് ഒമ്പത് മാസമെങ്കിലും പഠനം ആവശ്യമാണെന്ന് വ്യക്തമായി. അതു കഴിഞ്ഞ് പ്രോഡക്ട് ലാബിൽ പരീക്ഷിക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയാൽ, ആയാൽ മാത്രം പുറത്തിറക്കാം. അല്ലെങ്കിൽ അവിൽ കണ്ടെയ്‌നറിൽത്തന്നെ ഇരിക്കും. വീണ്ടും ചിന്തയായി.

മലയാളി ബിയർ

റൈസ് ബിയർ

ജപ്പാനിൽ നിന്നുള്ള റൈസ് ബിയറുകൾ യൂറോപ്യൻ രാജ്യങ്ങളിൽ സുലഭമായി ഉപയോഗിക്കുന്നുണ്ട്. പതിയെപ്പതിയെ വഴി തെളിഞ്ഞു തുടങ്ങി. ജപ്പാനിലെ റൈസ് ബിയറിൽ ചേർക്കുന്ന ചേരുവകൾ തദ്ദേശീയമായി അവിടത്തന്നെ ലഭിക്കുന്നവയാണ്. കേരളത്തിലാണെങ്കിൽ ബിയർ ഉണ്ടാക്കുന്ന പരിപാടിയുമില്ല. ഉള്ളത് നല്ല നാടൻ വാറ്റാണ്. അതിനാവട്ടെ അരിയും ആവശ്യമില്ല. അങ്ങനെയങ്ങനെ ചിന്ത കാടുകയറിയപ്പോഴാണ് ഹൈബ്രിഡ് ബിയർ എന്ന രജതരേഖയിൽ എത്തുന്നത്. എന്തുകൊണ്ട് മലയാളി ബിയറിൽ എല്ലായിടങ്ങളിലും സുലഭമായ ചേരുവകൾ ചേർത്തുകൂടാ? അങ്ങനെ, അരി ഇന്ത്യയിൽനിന്ന്. മറ്റു ചേരുവകൾ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എന്ന പ്രായോഗിക സമീപനത്തിൽ എത്തിച്ചേർന്നു.

ആദ്യം സമീപിച്ച ബ്രൂവറിക്കാർ ഒരു നിബന്ധനവെച്ചു. റെസ്റ്റൊറന്റുകൾ വാങ്ങാൻ തയ്യാറാണെങ്കിൽ അല്ലെങ്കിൽ മിനിമം ഓർഡറുകൾ ലഭിക്കുമെങ്കിൽ സംഗതി നടപ്പാക്കാം. റെസ്റ്റൊറന്റുകളും ബിയർ പാർലറുകളും കയറിയിറങ്ങി. ബ്രാൻഡ് ആയിട്ടല്ലാതെ വിതരണം ചെയ്യാമോ എന്നായിരുന്നു ആദ്യശ്രമം. കണ്ടെയ്‌നറുകളിൽ വിശ്രമം കൊള്ളുന്ന അവൽ തീർക്കുകയാണല്ലോ ലക്ഷ്യം, ബ്രാൻഡൊക്കെ എന്തിന് എന്നതായിരുന്നു ചിന്ത.

വൻ ട്വിസ്റ്റ് വരാനിരിക്കുന്നതേയുള്ളൂ. വിറ്റു തുടങ്ങിയതോടെ ബിയറടിക്കാൻ ആളു കൂടി. പലയിടത്തും നാട്ടുകാർ ചോദിച്ചു വാങ്ങിച്ച് അടി തുടങ്ങി. റെസ്‌റ്റൊറന്റുകാരാണ് ചോദിച്ചത്: നിങ്ങൾക്കിത് പുതിയ ബ്രാൻഡ് ആക്കി വിറ്റുകൂടേ....! ബിസിനസ് എന്ന മിന്നലടിച്ചത് അപ്പോഴാണ്. ഇന്ത്യൻ ബ്രാൻഡ് എന്ന സംഗതിയാണ് അവിടത്തുകാർക്ക് ആവശ്യമെന്നും തെളിഞ്ഞു. അപ്പോഴും ഒറ്റയ്ക്ക് ഇറങ്ങാനൊരു മടി. സുഹൃത്ത് സർഗീഷുമായി ചർച്ച ചെയ്തപ്പോഴേക്കും സംഭവം സീരിയസായി. എന്തായാലും നനഞ്ഞു. ഇനി മുങ്ങിക്കുളിക്കുക തന്നെ.

2022 ജൂൺ 15-ന് മലയാളി ബിയർ ടെസ്റ്റിങ് തുടങ്ങി.
ആദ്യമൊന്നും രുചി ആർക്കും പിടിക്കുന്നുണ്ടായിരുന്നില്ല. നിരന്തരം പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. അങ്ങനെയങ്ങനെ ഇപ്പോഴത്തെ രുചിയിൽ കാലുറപ്പിച്ചു.
2022 നവംബറിൽ മലയാളി ബിയർ മാർക്കറ്റിലെത്തി.

എന്തുകൊണ്ട് മലയാളി ബിയർ?

പേര് കലക്കണം, എന്നാലേ ഏശൂ. മിന്നായം പോലെ അതും വന്നു മിന്നിത്തെളിഞ്ഞു. മലയാളി.....!
എന്തുകൊണ്ട് പോളണ്ടിലെ ബിയറിന് മലയാളി എന്നു പേരിടാൻ തീരുമാനിച്ചുവെന്ന് ചോദിച്ചാൽ, യുക്രെയ്ൻ - റഷ്യ യുദ്ധത്തിന്റെ സമയത്ത് പോളണ്ട് അടക്കമുള്ള പലയിടങ്ങളിലും സഹായത്തിന് മുന്നിൽ ഉണ്ടായിരുന്നത് മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ മലയാളി എന്ന വികാരം എല്ലാവരുടേയും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് മലയാളി എന്ന പേര് കടന്നുവരുന്നത്. അന്വേഷിച്ച് നോക്കിയപ്പോൾ അത്തരത്തിൽ ഒരു പേര് ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ലായിരുന്നു. താമസിയാതെ പല ബ്രൂവറികളിലായി ഉത്പാദനം കൂടിക്കൂടി വന്നു. പത്ത് ബ്രൂവറിക്ക് നൂറു രുചി എന്ന കാലക്കേടിൽ എത്തിയപ്പോൾ തീരുമാനമായി, ഇനി മുതൽ ഒറ്റ ബ്രൂവറി മാത്രം മതി.

ചന്ദ്ര മോഹൻ

ലോഞ്ചിങ് എന്ന പരിപാടി യൂറോപ്പിൽ വൻചെലവേറിയതാണ്. മലയാളി ബിയർ അതു താങ്ങിയെന്നു വരില്ല. ആളു കൂടുന്ന കല്യാണം പോലുള്ള പരിപാടികളിൽ വിതരണം ചെയ്തു തുടങ്ങി. വെഡ്ഡിങ് പ്ലാനേഴ്‌സുമായി ചേർന്ന് വിവാഹ സീസണിൽ ബിയർ സപ്ലൈ വലിയ തരക്കേടില്ലാതെ മുന്നോട്ടു പോയിത്തുടങ്ങി. ഹൈബ്രിഡ് ബിയർ എന്ന ലേബലിലായിരുന്നു കുടിയന്മാരുടെ കണ്ണു പതിഞ്ഞത്.

തുടക്കം മാംഗല്യം

മലയാളി ബിയറിന്റെ തുടക്കവും മലയാളിയുടെ വിവാഹത്തിൽനിന്നാണെന്നതു മറ്റൊരു സവിശേഷത. ഇന്തോ- പോളിഷ് ദമ്പതികളായ അർജുൻ- കാമില വധൂവരന്മാരുടെ വിവാഹത്തിനായിരുന്നു കസ്റ്റമൈസ് ചെയ്ത മലയാളി ബിയർ ആദ്യമായി സപ്ലൈ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ കുപ്പിയിൽ പേരുകളും മറ്റും കസ്റ്റമൈസ് ചെയ്തു കൊടുക്കുന്നതിനാൽ ആളുകൾക്ക് ഹരമായിത്തുടങ്ങി. പല പരിപാടികൾക്കും ഓർഡറുകൾ പിടിച്ച് കസ്റ്റമൈസ്ഡ് ബിയർ കൊടുക്കുക എന്ന തരത്തിൽ എത്തി. അപ്പോഴും ഒരു വിപുലീകരണത്തെക്കുറിച്ച ഒരിക്കലും ചിന്തിച്ചിരുന്നില്ല. കസ്റ്റമൈസ്ഡ് ആയപ്പോൾ ജർമനി അടക്കമുള്ള തൊട്ടടുത്ത രാജ്യങ്ങളിൽനിന്ന് ഓർഡറുകൾ വന്നുതുടങ്ങി. അങ്ങനെ ലിറ്റിൽ ഇന്ത്യ എന്ന ഗ്രൂപ്പ് സപ്ലൈ ഏറ്റെടുത്തു. അതോടെ അവരുടെ കീഴിലുള്ള റെസ്റ്റോറന്റുകളിലും മലയാളി ബിയർ ഇടംപിടിച്ചു.

പോളണ്ടിൽ പ്രവർത്തിക്കുന്ന മിസ്റ്റർ ഇന്ത്യ എന്ന റെസ്റ്റോറന്റിലും മലയാളി ബിയർ വിതരണം ചെയ്തിരുന്നു. ആദ്യത്തെ കെയ്‌സ് ബിയർ ആദ്യദിവസം തന്നെ മിസ്റ്റർ ഇന്ത്യ റെസ്റ്റോറന്റിൽ വിറ്റു തീർന്നു. ബ്രാൻഡിന്റെ ആദ്യ കസ്റ്റമർ ഇന്ത്യയുടെ പോളിഷ് അംബാസഡറായിരുന്നു. മലയാളി ബിയർ മിസ്റ്റർ ഇന്ത്യ റസ്റ്റോറന്റിൽ ആദ്യമായി എത്തിച്ച ദിവസം ഭാഗ്യവശാൽ ഇന്ത്യയുടെ പോളിഷ് അംബാസഡറും ഉണ്ടായിരുന്നു. ആദ്യ മലയാളി ബ്രാൻഡ് കുടിക്കുന്നതും അദ്ദേഹമാണ്. നിലവിൽ ബ്രാൻഡ് ആയതിന് ശേഷം 18,000 ലിറ്ററോളം ബിയർ ഓർഡർ കഴിഞ്ഞുവെന്ന് ചന്ദ്രമോഹൻ പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ 'ഈസി ഗോ' ആയി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് മലയാളി ബിയറിന്റെ പ്രത്യേകത.താജ്, കാമസൂത്ര, കോബ്ര തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ നിലവിൽ പോളണ്ടിൽ ഉണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യ എന്ന് ആദ്യം തന്നെ പതിഞ്ഞുവരും. അത്തരത്തിൽ വരുമ്പോൾ അത് ഇന്ത്യൻ ഭക്ഷണങ്ങളുടെ കൂടെ മാത്രം കഴിക്കേണ്ട ബിയർ ആണെന്ന ഒരു ചിന്താഗതി ഉണ്ടാകും. അത്തരത്തിലുള്ള ബിയറുകൾ ഇന്ത്യൻ റസ്റ്റോറന്റുകളിൽ മാത്രം ചോദിക്കുന്ന സാഹചര്യമാണ്. എന്നാൽ അതേസമയം മലയാളി എന്ന് പറയുമ്പോൾ സംഗതി വ്യത്യസ്തമാണ്. എന്തുകൊണ്ട് മലയാളി എന്ന പേര് ആയിക്കൂടാ എന്ന ചിന്തയിലേക്ക് പോകുന്നത് അങ്ങനെയാണ്.

Wherever you go i am there, സാധനം കൈയിലുണ്ടോ?

മലയാളി എന്ന വികാരത്തെ എത്രത്തോളം ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നാണ് പാലക്കാടുകാരായ ചന്ദ്ര മോഹനും സുഹൃത്തും കൂടി ചിന്തിച്ചുകൂട്ടിയത്. അതുകൊണ്ട് തന്നെ ട്രോളുകളിൽ കൂടിയുമാണ് പരസ്യങ്ങൾ.

പല ബിയർ ബോട്ടിലുകളിലും 'Wherever you go i am there','സാധനം കൈയിലുണ്ടോ?' തുടങ്ങിയ ഐക്കോണിക് ഡയലോഗുകളും എഴുതി ഉപഭോക്താക്കളെ രസിപ്പിക്കുന്ന തരത്തിൽ നൽകാറുണ്ട്. മലയാളികളുമായി ഏറെ അടുത്തുനിൽക്കുന്ന ട്രോളുകളാണ് പരസ്യങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമ ഓടുന്ന തീയേറ്ററുകളിലാണ് ഈ ട്രോൾ പരസ്യങ്ങൾ നൽകുന്നത്. അഞ്ച് രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകിയതായി ചന്ദ്ര മോഹൻ പറയുന്നു.

Malayali united

മലയാളി യുണൈറ്റഡിന്റെ സ്‌പോൺസേഴ്‌സും

ആകെ ഒരു മലയാളി മയം എന്ന് പറയുന്നത് വെറുതെയല്ല. മലയാളി യുണൈറ്റഡ് എന്ന ഫുട്‌ബോൾ ക്ലബിന്റെ സ്‌പോൺസേഴ്‌സ് കൂടിയാണ് മലയാളി ബിയർ.

മലയാളി ബിയർ മാത്രമല്ല, വേറെയുമുണ്ട് മലയാളി 'ടച്ച്'

കാലിക്കറ്റ് 1948 (Kalicut 1948). കൊള്ളാമെന്നു തോന്നുന്നില്ലേ? പോളണ്ടിൽ വേറൊരു മലയാളി ടച്ചുള്ള ബിയറാണ് ഇത്. 'മലയാളി ബിയർ' ബ്രാൻഡിനു മുമ്പേ കേരളത്തനിമയിൽ ബിയർ ഇറക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ ലിജോ ഫിലിപ്പ് ആയിരുന്നു 'കാലിക്കറ്റ് 1948' എന്ന പേരിൽ ബിയർ സപ്ലൈ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ റെസ്റ്റോറന്റിൽ മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. അത് വിപുലീകരിച്ചിട്ടില്ലായിരുന്നു. മലയാളി ബ്രാൻഡ് ആയി ആദ്യമായി പോളണ്ടിൽ ബിയർ ഇറക്കുന്നത് ലിജോ ആയിരുന്നുവെന്ന് ചന്ദ്രമോഹൻ പറയുന്നു. 'ലിജോയുടെ നിർദേശങ്ങളും സഹായവും ഒരുപാട് ഗുണം ചെയ്തു'വെന്ന് ചന്ദ്രമോഹൻ പറയുന്നത് ബിയറിന്റെ പുറത്തല്ലെന്നത് ഉറപ്പ്.

ഒടുവിലായി ഒരു ചോദ്യം....?

മലയാളി വികാരം പോളണ്ടിൽ മാത്രം മതിയോ, കേരളത്തിലും എത്തിക്കാനുള്ള പ്ലാൻ ഉണ്ടോ?
നിലവിൽ പലരും ചോദിക്കുന്നുണ്ട്, ബ്രാൻഡിനെക്കുറിച്ച്. എന്നാൽ ഇവിടത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ അറിയേണ്ടതുണ്ട്. അതൊക്കെ അറിഞ്ഞ ശേഷം. മലയാളി എന്ന പേരിട്ട് കേരളത്തിൽ കൊടുത്തില്ലെങ്കിൽ പിന്നെന്തിന്...! വൈകാതെ അത്തരത്തിലുള്ള പദ്ധതികളും ഉണ്ടാകും. അതിന് ഇവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.' ചന്ദ്രമോഹൻ പറഞ്ഞു.

(2007-ൽ സ്‌പെയിനിൽ പഠിക്കാൻ എത്തിയതായിരുന്നു ചന്ദ്രമോഹൻ. കുറേ രാജ്യങ്ങളിൽ കറങ്ങി ഒടുവിൽ പോളണ്ടിലെത്തി. കഴിഞ്ഞ 10 വർഷമായി പോളണ്ടിലാണ്. എട്ടാംക്ലാസുവരെ കോഴിക്കോട്ടായിരുന്നു പഠനം. ഡോക്ടറായ പോളിഷുകാരിയാണ് ജീവിതപങ്കാളി. രണ്ടു കുട്ടികൾ)

(ബ്രാന്‍ഡ് ഏതായാലും മദ്യപാനം ആരോഗ്യത്തിന് ഹാനികരം അതുമറക്കണ്ട)

Content Highlights: palakkad man introduce malayali bear in poland

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented