തൃശ്ശൂർ: നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെതിരേ സമസ്ത. സമസ്തയുടെ മുഖപത്രത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുംപാറ എഴുതിയ ലേഖനത്തിലാണ് മന്ത്രിയെയും പാലാ ബിഷപ്പിനെയും രൂക്ഷമായി വിമർശിച്ചത്.

ഇരയ്ക്കൊപ്പം നിൽക്കുന്നതിന് പകരം വേട്ടക്കാരനെ ചെന്ന് കണ്ട് ആശ്വസിപ്പിക്കുന്ന രീതിയാണ് ഉള്ളത്. ഇത് മതേതര വിശ്വാസികൾ തിരിച്ചറിയും. മന്ത്രിയുടെ സന്ദർശനം സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ സഭകള്‍ ലൗ ജിഹാദ് ഉയർത്തി പുകമറ സൃഷ്ടിക്കുന്നത് സമീപ കാലത്ത് ബിഷപ്പുമാരുടെ ഹോബിയായി മാറിയിട്ടുണ്ടെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

ഒരേ നാട്ടിൽ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമം എന്നത് അനീതിയാണെന്നും ഇത് ഓരോ മതേതര വിശ്വാസിയും തിരിച്ചറിയുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ 'വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

പാലാ വിവാദ വിഷയത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളെയാണ്. യഥാർഥത്തിലുള്ള കുറ്റക്കാർ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സമൂഹ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം തെറ്റ് ചെയ്തവർക്കെതിരേയാണ് മുഖ്യമന്ത്രി നടപടിയെടുക്കേണ്ടതെന്ന് കാന്തപുരം വിഭാഗം മുഖപത്രത്തിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ബി ജെ പി നേതാക്കള്‍ പാലാ, താമരശ്ശേരി ബിഷപുമാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും ഇരുവരും ഉയര്‍ത്തിവിട്ട വര്‍ഗീയത ആളിക്കത്തിച്ചു കൊണ്ടിരിക്കുകയുമാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. 

Content highlights: Pala bishop hate speech: Kanthapuram group and Samastha against Pinarayi sarkar