ഇസ്ലാമാബാദ്: കടക്കെണിയില്‍ പെടുമെന്ന് പേടിച്ച് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പാകിസ്താന്‍ പുനരാലോചന നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോളനിഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് തുടക്കമിട്ടത്. കറാച്ചിയേയും പെഷവാറിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍പാതയാണ് നവീകരിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ പാകിസ്താന്റെ പൊതുകടം വര്‍ധിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് പദ്ധതിയില്‍ പുനഃരാലോചന നടത്തുന്നത്. 

മാത്രമല്ല പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ കരാറുകളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കരാറുകളില്‍ പാകിസ്താന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു, പാകിസ്താന് വലിയ സാമ്പത്തിക ചിലവ് വരുത്തിവെക്കുന്നു, ചൈനയ്ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് പദ്ധതികള്‍ പരിശോധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതെന്നാണ് വിവരം. 

അതേസമയം പാകിസ്താന്റെ ആവശ്യങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നാണ് ചൈനയുടെ നിലപാട്. തര്‍ക്കങ്ങളുണ്ടെങ്കില്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് പാകിസ്താനിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ചൈനീസ് നിക്ഷേപത്തോട്‌ പാകിസ്താന് ഉത്തരവാദിത്തമുണ്ടെന്നും കരാര്‍ തുകയിലും മറ്റും കാര്യമായ കുറവ് വരുത്തണമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനിടെ ചൈനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ചൈന- പാക് സാമ്പത്തിക ഇടനാഴിയിലും പാകിസ്താന്‍ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്.  ചൈനയല്ലാതെ മറ്റ് രാജ്യങ്ങളെ നിക്ഷേപത്തിനായി തേടാന്‍ പാകിസ്താന് ആഗ്രഹമുണ്ട്. എന്നാല്‍ ചൈനയല്ലാതെ മറ്റ് രാജ്യങ്ങള്‍ നിക്ഷേപം നടത്താന്‍ തയ്യാറാകാത്തതിനാല്‍ തങ്ങളെന്തുചെയ്യുമെന്നാണ് പാക് അധികൃതര്‍ ചോദിക്കുന്നത്. 

കടക്കെണിയിലാകുമെന്ന ഭയമാണ് പലപദ്ധതികളും ഇഴഞ്ഞുനീങ്ങാന്‍ കാരണം. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ ഇന്ത്യയുടെ അടുത്തുള്ള രാജ്യങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന് പല രാജ്യങ്ങളിലും ഭരണമാറ്റമുണ്ടായതോടെ തടസങ്ങള്‍ നേരിടുന്നുണ്ട്. ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്‍ഡ്, ലാവോസ്, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈനയ്ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുണ്ട്.