ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മുന്നേറ്റം അടിമത്വത്തിന്റെ കണ്ണികള്‍ പൊട്ടിച്ചെറിയുന്നതാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഇമ്രാന്റെ പ്രതികരണം. 

വിദ്യാഭ്യാസത്തിന്റെ പ്രധാന മാധ്യമമെന്ന് നിലയില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മറ്റൊരു സംസ്‌കാരത്തെ പകര്‍ത്താന്‍ മാത്രമേ ഉപകരിക്കുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 'നിങ്ങള്‍ മറ്റൊരു സംസ്‌കാരത്തെ കടം എടുക്കുകയാണങ്കില്‍ നിങ്ങള്‍ മാനസികമായി അതിന് വിധേയനാകും. അങ്ങനെ നടക്കുന്നുവെങ്കില്‍ ഓര്‍ക്കുക, അത് അടിമത്വത്തെക്കാള്‍ ഭീകരമായ അവസ്ഥയാണ്. സാംസ്‌കാരിക അടിമത്വത്തിന്റെ കണ്ണികള്‍ വലിച്ചെറിയുക ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത് അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന നടപടിയാണ്'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു

അമേരിക്കന്‍ സൈന്യം പിന്മാറി ദിവസങ്ങള്‍ക്കുള്ളില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കുകയും കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.. 20 വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തില്‍ താലിബാന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടതോടെ സര്‍ക്കാര്‍ നിലംപൊത്തി. 

സര്‍ക്കാരിന്റെ പതനത്തോടൊപ്പം പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് വിമാനങ്ങളില്‍ കയറി രാജ്യം വിടാനായി തടിച്ചുകൂടിയത്‌.

യു.എന്‍ സെക്രട്ടറി, ജനറല്‍ ആന്റോണിയോ താലിബാനോട് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും മനുഷ്യത്വം പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം കൈവന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്ക് വെച്ചു.

രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതോടെ സ്ത്രീകളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ, പൗരാവകാശങ്ങള്‍ എന്നിവയില്‍ ഉണ്ടായ ഗുണകരമായ മാറ്റങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ലോകം

Content Highlights: paksithan pm imran khan says the act of taliban in afghanisthan is of breaking slavery