വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരേ ദുരുപയോഗം ചെയ്തതിന് അമേരിക്ക പാകിസ്താനില്‍നിന്ന് വിശദീകരണം തേടി. പാകിസ്താനുമായുള്ള കരാര്‍ പ്രകാരം എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പാകിസ്താനില്‍നിന്ന് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ എഫ്. 16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ തെളിവുസഹിതം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടി. 

പാകിസ്താനുമായുള്ള ആയുധകരാര്‍ അനുസരിച്ച് എഫ്.16 വിമാനം ഇന്ത്യക്കെതിരേ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ പാകിസ്താനില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്‌നര്‍ പി.ടി.ഐയോട് പറഞ്ഞു. രഹസ്യസ്വഭാവമുള്ളതിനാല്‍ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

എഫ്.16 വിമാനം ഉപയോഗിച്ചാണ് പാകിസ്താന്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനുതെളിവായി ആംറാം മിസൈലിന്റെ ഭാഗങ്ങളും വ്യോമസേന പുറത്തുവിട്ടു. എഫ്.16 വിമാനങ്ങളില്‍നിന്ന് മാത്രം തൊടുക്കാവുന്ന മിസൈലാണ് ആംറാം. എന്നാല്‍ ഇന്ത്യക്കെതിരേ എഫ്. 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആരോപണം തെറ്റാണെന്നുമായിരുന്നു പാകിസ്താന്റെ വാദം. പക്ഷേ, തെളിവുസഹിതം ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലാവുകയും അമേരിക്ക വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. 

Content Highlights: pakistan used f16 fighter jets against india, usa seeks more information from pakistan