കറാച്ചി : രാജ്യവ്യാപകമായുണ്ടായ പവര്‍കട്ടിനെത്തുടര്‍ന്ന് പവര്‍ പ്ലാന്റ് ജീവനക്കാരെ പാകിസ്താന്‍ സസ്‌പെന്‍ഡ് ചെയ്തു. പാകിസ്താനിലെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നിലെ ഏഴ് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാനേജരും ആറ്  ജോലിക്കാരും ഉള്‍പ്പെടെ ഏഴ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വാരാന്ത്യത്തില്‍ വന്‍ ഗ്രിഡ് തകരാര്‍ സംഭവിക്കുകയും രാജ്യം മുഴുവന്‍ ഇരുട്ടിലാകുകയും ചെയ്തിരുന്നു.

തലസ്ഥാനമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രണ്ടാമത്തെ വലിയ നഗരമായ ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നഗരങ്ങളും പൂര്‍ണ്ണമായി ഇരുട്ടിലായി. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂര്‍ വരെ പവര്‍കട്ട് നീണ്ടുനിന്നു.

സിന്ധ് പ്രവിശ്യയിലെ ഗുഡ്ഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്‌പെന്‍ഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നിലയമാണ് 1980 കളില്‍ നിര്‍മ്മിച്ച ഗുഡ്ഡു താപവൈദ്യുത നിലയം. പ്രകൃതിവാതകത്തില്‍ നിന്നും എണ്ണയില്‍ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും. ദക്ഷിണ പാകിസ്താനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്.

content highlights: Pakistan suspends power plants staff after nationwide powercut