ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ പാകിസ്താനിലെ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനില്‍നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലൂടെയുള്ള വ്യോമപാത വ്യാഴാഴ്ചയും അടഞ്ഞുകിടക്കുമെന്നും ഇതുവഴി വിമാനസര്‍വീസുകള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പാകിസ്താന്റെ എഫ്.16 വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടതിന് പിന്നാലെ പാകിസ്താനിലെ പ്രധാനവിമാനത്താവളങ്ങള്‍ കഴിഞ്ഞദിവസം തന്നെ അടച്ചിട്ടിരുന്നു. ഇസ്ലാമാബാദ്, മുള്‍ട്ടാന്‍, ലാഹോര്‍ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവെച്ചത്. 

ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളും കഴിഞ്ഞദിവസം മണിക്കൂറുകളോളം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ ഇന്ത്യയിലെ  വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. അതേസമയം, എയര്‍കാനഡ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കി.  പാകിസ്താന്‍ വ്യോമപാത അടച്ചതോടെയാണ് എയര്‍കാനഡയുടെ സര്‍വ്വീസുകള്‍ താത്കാലികമായി റദ്ദാക്കിയത്. 

Content Highlights: pakistan suspends all domestic and international flights