വാഷിങ്ടൺ: തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ഇസ്ലാമാബാദുമായുള്ള അമേരിക്കന്‍ ബന്ധം ഉടച്ചു വാര്‍ക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് യുഎസ് കോണ്‍ഗ്രസ്സില്‍ ടെഡ് പോ അവതരിപ്പിച്ച പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ ബില്‍.
ഇസ്ലാമാബാദ് വര്‍ഷങ്ങളായി അമേരിക്കയുടെ ശത്രുക്കളെ സഹായിക്കുകയും അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തുവെന്ന് ബിൽ അവതരിപ്പിച്ചു കൊണ്ട് പാകിസ്താനെതിരെ ടെഡ് പോ ആഞ്ഞടിച്ചു. ഇതു കൊണ്ടെല്ലാം തന്നെ പാകിസ്താൻ എന്ന രാഷ്ട്രത്തെ വിശ്വസിക്കാന്‍ കൊള്ളാത്ത മിത്രമെന്നാണ് ടെഡ് പോ ബില്‍ അവതരിപ്പിച്ചു കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎസ് ജനപ്രതിനിധി സഭയിലാണ് ടെഡ് പോ ബില്‍ അവതരിപ്പിച്ചത്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സബ്കമ്മറ്റിയുടെ അധ്യക്ഷനാണ് പോ. പാകിസ്താന്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ആക്റ്റ് എന്ന ബില്‍ ആണ് കോണ്‍ഗ്രസ്സില്‍ ഇദ്ദേഹം അവതരിപ്പിച്ചത്. യുഎസ് കോണ്‍ഗ്രസ്സില്‍ വളര സ്വാധീനമുള്ള വ്യക്തിയാണ് പോ എന്നത് കൊണ്ട് തന്നെ വളരെ ഗൗരവമായാണ് ഈ ബില്ലിനെ ലോകം കാണുന്നത്.
'തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ ആരുടെ പക്ഷത്താണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒസാമ ബിന്‍ലാദന് സങ്കേതം കൊടുത്തത് മുതല്‍ ഹഖാനി നെറ്റ്വര്‍ക്ക് അടക്കം ഒട്ടേറെ തെളിവുകളുണ്ട്' -ടെഡ് പോ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താന്റെ ചതിക്ക് നമ്മള്‍ വിലകൊടുക്കേണ്ടി വരുന്നതിന് അറുതി വരുത്തേണ്ടതുണ്ടെന്നും ടെഡ് പോ പറഞ്ഞു. ബില്‍ പ്രസിഡ്‌ന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പോര്‍ട്ടിനായി സമര്‍പ്പിച്ചു.