വാഷിങ്ടൺ: ഡ്രോണ്‍ ആക്രമണം അതീജിവിച്ച്  അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് കഴിഞ്ഞവര്‍ഷം രക്ഷപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റെ സംരക്ഷണയിലെന്ന് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ ഇന്റര്‍ ഇന്റലിജന്‍സ് സര്‍വ്വീസ് സംരക്ഷണം നല്‍കുന്ന സവാഹരി കറാച്ചയിലാണെന്നാണ് അമേരിക്കയില്‍ നിന്നുള്ള ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2001 അവസാനത്തോടുകൂടി യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് തുരത്തിയതാണ് അല്‍ ഖ്വയ്ദയെ. അന്നു തുടങ്ങി ഇന്നു വരെ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ്(ഐഎസ്ഐ) സവാഹിരിക്ക് അഭയം നല്‍കുന്നതെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഒബാമ ഭരണത്തിലിരിക്കെ പാകിസ്താനിലെ ഉള്‍പ്രദേശത്ത് അമേരിക്ക നടത്തിയ  ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന്‌ സവാഹിരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സവാഹിരിയുടെ അഞ്ച് സുരക്ഷാഭടര്‍ കൊല്ലപ്പെട്ടെങ്കിലും സവാഹിരി രക്ഷപ്പെട്ടെന്ന് ഇവര്‍ പറയുന്നു.

'തന്നെ ആരും ഒരിക്കലും ജീവനോടെ പിടികൂടില്ലെന്ന് സവാഹിരി പ്രതിജ്ഞ ചെയ്തിട്ടുണ്ട് മാത്രമല്ല. കണ്ണടയ്ക്കുന്നതിന് മുമ്പ് അമേരിക്കയെ കുലുക്കുന്ന മറ്റൊരു ആക്രമണം കൂടി നടത്തുകയെന്നതാണ് തന്റെ അന്ത്യാഭിലാഷ'മെന്ന് സവാഹിരി പറഞ്ഞിട്ടുണ്ടെന്നും മേഖലയിലെ തീവ്രവാദി നേതാവ് പറയുന്നു.

താലിബാന്‍ സവാഹിരിക്ക് സംരക്ഷണം നല്‍കാന്‍ താത്പര്യപ്പെടാത്തതിനാലാണ്  പാകിസ്താന്‍ ഏജന്‍സി സവാഹിരിക്ക് കറാച്ചിയില്‍ അഭയം നല്‍കാന്‍ കാരണം. സി ഐ എ ഉദ്യോഗസ്ഥന്‍ പറയുന്നത് അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട സവാഹിരി ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള സ്ഥലം കറാച്ചി മാത്രമാണെന്നാണ്.

ഉസാമ ബിന്‍ലാദന്റെ മകന്‍ 26കാരനായ ഹംസ ബിന്‍ലാദനും പാകിസ്താന്‍ ഐഎസ്ഐയുടെ സംരക്ഷണയിലാണെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നുവെന്ന് മുന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥൻ തന്നെ സമ്മതിച്ചിട്ടുണ്ട്.