വാഷിംഗ്ടണ്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഭീകര സംഘനടകളുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന യു.എസ് ജനറല്‍. എന്നാല്‍ ആരോപണം പാകിസ്താന്‍ നിഷേധിച്ചു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ അയല്‍രാജ്യമായ പാകിസ്താനെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണത്തിനാണ് അമേരിക്കയും സ്ഥിരീകരണം നല്‍കിയിട്ടുള്ളത്. ഭീകര സംഘടനകളുമായി ഐ.എസ്.ഐക്ക് ബന്ധമുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് യു.എസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജോസഫ് ഡണ്‍ഫോര്‍ഡാണ് വെളിപ്പെടുത്തിയത്. സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ആയിരുന്നു വെളിപ്പെടുത്തല്‍.

ജോ ഡോണല്ലി എന്ന സെനറ്റര്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഐ.എസ്.ഐ ഇപ്പോഴും താലിബാനെ സഹായിക്കുന്നുണ്ടോ എന്നായിരുന്നു ഡോണല്ലിയുടെ ചോദ്യം.

പാക് ചാരസംഘടനയ്ക്ക് സ്വന്തം വിദേശനയം തന്നെയുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആരോപിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ രൂക്ഷ വിമര്‍ശം.