ലഖ്‌നൗ:  കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശിന് അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും പ്രശംസ. പാകിസ്താനിലെ 'ഡോണ്‍' ദിനപത്രത്തിന്റെ എഡിറ്റര്‍ ഫഹദ് ഹുസൈനാണ് യു.പിയെ പ്രശംസിച്ച് രംഗത്തെത്തിയത്. കോവിഡ് വ്യാപനം നേരിടുന്നതില്‍ പാക് ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഡോണിന്റെ ഇസ്‌ലാമാബാദിലെ റസിഡന്റ് എഡിറ്ററായ ഫഹദ് യു.പി സര്‍ക്കാരിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. 

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയെന്നും എന്നാല്‍, യുപിയുടെ അത്രതന്നെ ജനസാന്ദ്രതയുള്ള പാകിസ്താനില്‍ ഭരണകൂടത്തിന് വീഴ്ചകള്‍ സംഭവിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെയും പാകിസ്താനിലെയും കോവിഡ് മരണനിരക്ക് താരതമ്യംചെയ്യുന്ന ഗ്രാഫ് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. വിഷയം കൈകാര്യം ചെയ്തതിലെ വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടുകയും അതിന്റെ അനന്തരഫലം വിവരിക്കുകയും ചെയ്തിരുന്നു. 

പാകിസ്താനിലെ ജനസംഖ്യ 20.8 കോടിയാണെന്ന് വ്യക്തമാക്കുന്നതാണ് ഗ്രാഫ്. യു.പിയിലെ ജനസംഖ്യ 22.5 കോടിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാകിസ്താനിലെ കോവിഡ് മരണം യുപിയിലേതിനെക്കാള്‍ ഏഴിരട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തില്‍ പാകിസ്താനെയും മഹാരാഷ്ട്രയെയും തമ്മിലും ഫഹദ് താരതമ്യം ചെയ്തിട്ടുണ്ട്. പാകിസ്താനിലെക്കാള്‍ മരണനിരക്ക് ഇന്ത്യയിലെ യുപിയിലേതിനെക്കാള്‍ കുറവാണെങ്കിലും ജനസംഖ്യ കുറവുള്ള മഹാരാഷ്ട്രയില്‍  അത് കൂടുതലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. 

യു.പി ശരിയായ നടപടികള്‍ സ്വീകരിച്ചുവെന്നും മഹാരാഷ്ട്രയ്ക്ക് വീഴ്ചകള്‍ സംഭവിച്ചുവെന്നും മനസിലാക്കി വേണം പാകിസ്താന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍. പാകിസ്താനിലെയും യു.പിയിലെയും ജനസംഖ്യയും വിദ്യാഭ്യാസ നിലവാരവും ഏതാണ്ട് തുല്യമാണെങ്കിലും പാകിസ്താനിലെ ജനസാന്ദ്രത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിരുന്നാലും യു.പി ഭരണകൂടം കര്‍ശനമാക്കി ലോക്ക്ഡൗണ്‍ നടപ്പിലാക്കി. പാകിസ്താന്‍ അത് ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. 

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ കോവിഡ് വ്യാപനം തടയാന്‍ കഴിയാതെ കുഴങ്ങുകയാണെന്ന് വ്യക്തമാക്കുന്ന വിശദമായ ലേഖനം ഫഹദ് ഹുസൈന്‍ രണ്ട് ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് വ്യാപനം നേരിടുന്നതില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന് പാകിസ്താനില്‍ നിന്നുള്ള അപ്രതീക്ഷിത പ്രശംസ.

Content Highlights: Pakistan's Dawn editor praises UP for handling COVID crisis