ഇസ്ലാമാബാദ്/ന്യൂഡല്‍ഹി:  പാകിസ്താനില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ കല്‍ഭൂഷണ്‍ യാദവ് അവിടെ രഹസ്യനീക്കങ്ങള്‍ നടത്തിയെന്ന് സമ്മതിക്കുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു.

എന്നാല്‍, പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. പാക് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യാദവ് ക്യാമറയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു.

പാകിസ്താന്‍ വാര്‍ത്താവിതരണ മന്ത്രി പര്‍വെസ് റഷീദ്, സൈനിക വക്താവ് ലഫ്. ജനറല്‍ അസിം സലിം ബജ്വ എന്നിവര്‍ ഇസ്ലാമാബാദില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കല്‍ഭൂഷണ്‍ യാദവിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവിട്ടത്.

നാവികസേനാ ഉദ്യോഗസ്ഥനാണ് താനെന്ന് യാദവ് സമ്മതിച്ചുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ആണ് തന്നെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം സമ്മതിച്ചതായി പാകിസ്താന്‍ അവകാശപ്പെടുന്നു.

പാകിസ്താന്റെ വാദങ്ങളെല്ലാം ഇന്ത്യ തള്ളി. പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യാദവുമായി ബന്ധപ്പെട്ടാന്‍ അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

യാദവിനെ ഇറാനില്‍നിന്ന് തട്ടിക്കൊണ്ടുപോയത് ആകാനുള്ള സാധ്യത അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുന്നില്ല. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാകാം യാദവ് കുറ്റസമ്മതം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം കരുതുന്നു.