ദാവോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്): ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാകിസ്താന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്താനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ 'ഫോറിന്‍ പോളിസി'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.  

'ചൈന ഞങ്ങളെ സഹായിച്ചവരാണ്. ഞങ്ങളുടെ അടിത്തറ തകര്‍ന്നുകിടക്കുന്ന സമയത്ത് അവരാണ് സഹായിക്കാന്‍ മുന്നോട്ടുവന്നത്. അതിനാല്‍ പാകിസ്താന്‍ എല്ലായ്‌പ്പോഴും ചൈനീസ് സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കും.  ചൈനയുമായി എന്ത് തര്‍ക്കങ്ങളുണ്ടായാലും അത് സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കലും അക്കാര്യങ്ങള്‍ പരസ്യമാക്കില്ല'- ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. ചൈനയിലെ ഷിന്‍ജിയാങില്‍ അടക്കം ഉയ്ഗൂര്‍ മുസ്ലീം വിഭാഗം നേരിടുന്ന പീഡനങ്ങളില്‍ എന്തുകൊണ്ടാണ് പാകിസ്താന്‍ നിശബ്ദത പാലിക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാനോടുള്ള ചോദ്യം.

ചൈനയിലെ പ്രശ്‌നങ്ങളെ ഒരിക്കലും കശ്മീരിലെ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് തനിക്ക് കൂടുതല്‍ കാര്യങ്ങളറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: pakistan prime minister imran khan says they wont oppose china publicly for oppressing muslims