കറാച്ചി : ഇസ്രയേലി ചാര സോഫ്റ്റ്വേറായ 'പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ലക്ഷ്യങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 

ഡാറ്റാ ചോര്‍ച്ചയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമ കണ്‍സോര്‍ഷ്യത്തിന്റെ അന്വേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉപയോഗിച്ച ഒരു നമ്പര്‍ ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇമ്രാന്‍ഖാന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനില്‍ നിന്നുള്ള എത്രപേര്‍ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. പാകിസ്താനിലെ നൂറിലധികം പേര്‍ ഉണ്ടെന്നാണ് വാഷിങ്ടണ്‍ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര തലത്തില്‍ ഏതാണ്ട് 50,000 ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ പട്ടികയിലുണ്ടെന്നാണ് വിവരം.

മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ലാബില്‍ പരിശോധിച്ച വിവിധരാജ്യങ്ങളില്‍നിന്നുള്ള 37 ഫോണുകളില്‍ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ചോര്‍ത്തല്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ ഈ സോഫ്റ്റ്‌വേര്‍ വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ കൂട്ടായ്മ പറയുന്നു.

ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സംഘപരിവാര്‍ നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേലി ചാര സോഫ്റ്റ്വേറായ 'പെഗാസസ്' ഉപയോഗിച്ച് ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പ്രതിപക്ഷാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍വിവരം ചോര്‍ത്തിയെന്ന് ഞായറാഴ്ച പുറത്തുവിട്ട വാര്‍ത്താ പോര്‍ട്ടലായ 'ദ വയര്‍' തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. ഫോണ്‍ചോര്‍ത്തല്‍ അന്വേഷിച്ച 17 രാജ്യങ്ങളിലെ മാധ്യമങ്ങളുടെ കൂട്ടായ്മയിലെ ഇന്ത്യയിലെ പങ്കാളിയാണ് 'ദ വയര്‍.'

ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, ജലശക്തിമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തലിന് ഇരയായെന്ന് കരുതുന്ന നമ്പറുകളുടെ പട്ടികയിലുണ്ട്. ഇവരുടെ അടുപ്പക്കാരുടെ നമ്പറുകളുമുണ്ട്. ഫോണ്‍ ചോര്‍ത്തലുണ്ടായിട്ടില്ലെന്ന് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെതന്നെ ഫോണ്‍ നമ്പര്‍ പട്ടികയിലുണ്ടെന്ന വിവരമെത്തിയത്.

രണ്ടാംഘട്ട പട്ടികയിലുള്ള പല നമ്പറുകളും ഫൊറന്‍സിക് പരിശോധന നടത്തി ചോര്‍ത്തല്‍ സ്ഥിരീകരിച്ചവയല്ലെന്ന് വെളിപ്പെടുത്തലിലുണ്ട്. എങ്കിലും ഇവ നിരീക്ഷണത്തിലോ നിരീക്ഷിക്കാന്‍ സാധ്യതയുള്ളവയോ ആണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2018 മധ്യം മുതല്‍ 2019 വരെ ഉപയോഗിച്ചിരുന്ന ഫോണുകളും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇദ്ദേഹത്തിന്റെ ഫോണ്‍ നിരീക്ഷണത്തിലായിരുന്നു. 40 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇന്ത്യയിലെ 300 പ്രമുഖരുടെ ഫോണ്‍ നമ്പറുകള്‍ നിരീക്ഷണപ്പട്ടികയിലുണ്ടെന്നായിരുന്നു ഞായറാഴ്ച വന്ന വെളിപ്പെടുത്തല്‍. 

content highlights: Pakistan PM Imran Khan was potential target of Israeli-made Pegasus spyware programme