ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. സൗദി അറേബ്യയിലേക്ക് പോകുന്നതിനായി പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.
പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക് തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടി. അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി സൗദിയിലേക്ക് പോകുന്നത്.
സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പോകുന്നതിനും പാകിസ്താന്‍ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറില്‍ തന്നെ ഐസ്‌ലന്‍ഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി.
Content Highlights: Pakistan has denied PM Modi's request to use Pakistan’s airspace to travel to Saudi Arabia