ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. കൊടുംഭീകരന്‍ മസൂദ് അസറാണ് ജെയ്‌ഷെ തലവന്‍.

പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്‌ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. പ്രസ്താവന വൈകിക്കാന്‍ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാക് മണ്ണിലുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (ഫ്.എ.ടി.എ)ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്നും അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.

Content Highlights: Jaish-e-Mohammed headquarters, Pulwama Terror Attack, Pakistan