യുണൈറ്റഡ് നേഷന്‍സ്: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതുസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ യോഗത്തില്‍ പാകിസ്താന് തിരിച്ചടി. രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്.

കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യോഗത്തിനുശേഷം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യീദ് അക്ബറുദ്ദീന്‍ പറഞ്ഞു. ''കശ്മീരിലേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പതിയെ എടുത്തുമാറ്റി സാധാരണനിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരേ 'വിശുദ്ധയുദ്ധം' പ്രഖ്യാപിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട ആശങ്ക'' -അക്ബറുദ്ദീന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഏകപക്ഷീയമായ നടപടികളെടുക്കുന്നതില്‍നിന്ന് പിന്മാറണമെന്നാണ് രക്ഷാസമിതിയിലുയര്‍ന്ന പൊതുഅഭിപ്രായമെന്ന് യു.എന്നിലെ ചൈനീസ് പ്രതിനിധി ഴാങ് ജുന്‍ പറഞ്ഞു.

കശ്മീരിലെ ഇന്ത്യന്‍നടപടി ചോദ്യംചെയ്തും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും പാകിസ്താന്‍ രക്ഷാസമിതിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചവേണമെന്ന് ചൈനയും ആവശ്യപ്പെട്ടതായി യു.എന്നിലെ പേരുവെളിപ്പെടുത്താത്ത നയതന്ത്രപ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

1971-നുശേഷം 48 വര്‍ഷം കഴിഞ്ഞാണ് കശ്മീര്‍ വിഷയത്തില്‍ യു.എന്‍. രക്ഷാസമിതി വീണ്ടും ചേരുന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍സമയം വൈകീട്ട് 7.30-നാണ് ചര്‍ച്ചതുടങ്ങിയത്. തുറന്ന ചര്‍ച്ചയല്ലാത്തതിനാല്‍ രക്ഷാസമിതിയംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇതിലെ വിവരങ്ങള്‍ രഹസ്യമായി തുടരും. ചര്‍ച്ചാവിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയുമില്ല.

തുറന്ന ചര്‍ച്ച നടത്തണമെന്നാണ് യു.എന്‍. രക്ഷാസമിതിക്ക് എഴുതിയ കത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ആവശ്യപ്പെട്ടത്. തുറന്ന ചര്‍ച്ച നടന്നിരുന്നെങ്കില്‍ രക്ഷാസമിതിയിലെ അംഗങ്ങളല്ലാത്ത യു.എന്‍. അംഗരാജ്യങ്ങള്‍ക്ക് പങ്കെടുക്കാനാകുകയും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. അതിലൂടെ അന്താരാഷ്ട്രതലത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാകുമെന്നും പാകിസ്താന്‍ പ്രതീക്ഷിച്ചു. രഹസ്യചര്‍ച്ചയ്‌ക്കെടുത്തതോടെ പാകിസ്താന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ്. എന്നിവര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന നിലപാടാണ് നേരത്തേ സ്വീകരിച്ചിട്ടുള്ളത്.

content highlights: Pakistan Gets Backing Only from China at UNSC Meeting on Kashmir