ഇഷാഖ് ദർ | ഫോട്ടോ: AP
ഇസ്ലാമബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ രാജ്യം അഭിമുഖീകരിക്കുന്നത് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ വരുത്തിവെച്ച പ്രശ്‌നങ്ങളാണെന്ന് പാകിസ്താന്‍ ധനകാര്യ മന്ത്രി ഇഷാഖ് ദര്‍. പാകിസ്താനിലെ പുതിയ ട്രയിന്‍ സര്‍വ്വീസായ ഗ്രീന്‍ ലൈന്‍ എക്‌സ്പ്രസ്സിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ രാജ്യം സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണെന്നും ഇഷാഖ് ദര്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍സര്‍ക്കാര്‍ വരുത്തിവെച്ച പ്രശ്‌നങ്ങളും തങ്ങള്‍ക്ക് പരിഹരിക്കേണ്ടതായുണ്ടെന്നും ഇഷാഖ് ദര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 2013-2017 കാലഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ ശക്തമായിരുന്നുവെന്നും ദര്‍ പറഞ്ഞു.
നവാസ് ഷെരീഫിന്റെ കാലത്ത് പാകിസ്താന്‍ ഓഹരി വിപണി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ചതായിരുന്നുവെന്നും ലോകത്ത് അഞ്ചാം സ്ഥാനത്തായിരുന്നുവെന്നും ദര്‍ അഭിപ്രായപ്പെട്ടു. ഇമ്രാന്റെ ഭരണകാലത്തുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പാകിസ്താന്‍ ഇപ്പോള്‍ വില നല്‍കുകയാണ്. നവാസിന്റെ കാലത്ത് പാകിസ്താന്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു, എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം അനുഭവിച്ച നാശം ജനങ്ങള്‍ക്ക് കാണാൻ കഴിയും. പാകിസ്താനു പുരോഗതിയുണ്ടാകുമെന്ന് തനിക്കു പൂര്‍ണ വിശ്വാസമുണ്ട് കാരണം ഇസ്ലാമിന്റെ പേരില്‍ സ്ഥാപിതമായ ഏക രാജ്യം പാകിസ്താനാണ്. അല്ലാഹുവിന് പാകിസ്താന്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ അതിനെ സംരക്ഷിക്കാനും കഴിയും.
പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഡോളറിനെതിരെ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് താണിരുന്നു. ഒറ്റ ദിവസം കൊണ്ട് മൂല്യം 24 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മൂല്യം കുത്തനെ ഇടിയാന്‍ കാരണം.
ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്താനിലെ മണി എക്സ്ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐ.എം.എഫ്. നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐ.എം.എഫ്. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍.
പാകിസ്താനില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. രാജ്യത്തെ ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
Content Highlights: pakistan finance minister says allah responsible for pakistans prosperity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..