ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ക്ഷണമില്ലാത്തതിൽ ഖേദം പ്രകടിപ്പിച്ച് പാകിസ്താൻ. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായിട്ടും വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അറിയ്ക്കാനുള്ള അവസരമാണ് നഷ്ടമാക്കിയതെന്നും പാകിസ്താനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്താനുള്ള സ്ഥലമാണ് യു.എൻ സുരക്ഷാ കൗൺസിലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാനായി വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ 15 അംഗ യു.എൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നത്.
അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരണമെങ്കിൽ രാജ്യത്തെ ഭീകര അനുകൂലമായ പ്രദേശങ്ങളും ക്യാമ്പുകളും ഉടൻ ഇല്ലാതാക്കണം. തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന ശൃംഘല തകർക്കണം. അഫ്ഗാനിസ്ഥാനും അയൽരാജ്യങ്ങളും തീവ്രവാദ, വിഘടനവാദ ഭീഷണിയിൽ അല്ലെന്ന് ഉറപ്പുവരുത്തണം- ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.
എന്നാൽ, പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്ഗാനിസ്ഥാൻ ചർച്ചയിൽ ഉയർന്ന് വന്നത്. താലിബാന് സൈനിക സഹായവും ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതും പാകിസ്താൻ ആണെന്ന് യോഗത്തിൽ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം ഇസക്സയ് തുറന്നടിച്ചു. 1988ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ ഉപരോധ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാനിസ്ഥാനിൽ യുദ്ധം ഇല്ലാതാക്കാൻ പാകിസ്താനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് അഫ്ഗാനിസ്ഥാൻ അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
Content Highlights: Pakistan expresses regret for Not Being Invited to India-led UNSC Meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..