ഇസ്‌ലാമാബാദ്: ഗോതമ്പ്, പഞ്ചസാര, പരുത്തി എന്നിവ ഇന്ത്യയില്‍നിന്ന് പരിമിതമായ അളവില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി പാകിസ്താന്‍. പാക് സര്‍ക്കാരിന്റെ എക്കണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുനഃരാരംഭിക്കാന്‍ ബുധനാഴ്ച ശുപാര്‍ശ നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പാക് ധനമന്ത്രി ഹമ്മദ് അസ്ഹര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും നയതന്ത്ര ബന്ധവും ഇസ്‌ലാമാബാദ് മരവിപ്പിച്ചിരുന്നു. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയയ്ക്കുകയും ഇമ്രാന്‍ കത്തിന് മറുപടി നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി ഭാഗികമായി പുനഃരാരംഭിക്കാന്‍ പാകിസ്താന്‍ നീക്കം തുടങ്ങിയത്.

കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം ഉണ്ടായതോടെ പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി പുനഃരാരംഭിക്കുന്നതോടെ പഞ്ചസാരയുടെ വില 20 ശതമാനമെങ്കിലും കുറയുമെന്നാണ് പാകിസ്താന്‍ വിലയിരുത്തിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Pakistan dies U turn mon resuming imports from India