ഇസ്‌ലാമാബാദ്: ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്തെത്തി. രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ആണ് ഇന്ത്യയ്ക്കുവേണ്ടി നീക്കങ്ങള്‍ നടത്തുന്നതെന്ന് ആ രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

50 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ച് റോ ഇതിനുവേണ്ടി പ്രത്യേക സെല്‍ രൂപവത്കരിച്ചു കഴിഞ്ഞുവെന്നും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സുബൈര്‍ മുഹമ്മദ് ഹയാത്തിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. മേഖലയിലെ സുരക്ഷ സംബന്ധിച്ച രണ്ട് ദിവസത്തെ യോഗത്തില്‍ സംസാരിക്കവെയാണ് സൈനിക ഉദ്യോഗസ്ഥന്‍ ഈ ആരോപണവുമായി രംഗത്തെത്തിയത്. ബലൂച് വിഘടനവാദികള്‍ അടക്കമുള്ളവരുടെ സഹായത്തോടെയാണ് ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് പാകിസ്താന്റെ ആരോപണം.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിനെ വധിക്കാന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങിയെന്ന ആരോപണവുമായി പാകിസ്താന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരവാദി നേതാവ് ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പാക് തീവ്രവാദ വിരുദ്ധ ഏജന്‍സി പഞ്ചാബ് പ്രവിശ്യാ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണം.

Pakistan   CPEC   India