കറാച്ചി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധി പുറപ്പെടുവിച്ച് പാകിസ്താന് കോടതി. തട്ടിക്കൊണ്ടുപോയ ആൾ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ് കോടതി വിധി . വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.സിന്ധ് കോടതിയാണ് ഈ വിചിത്ര ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ തട്ടിക്കൊണ്ട് പോവുന്നത്. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും നിര്‍ബന്ധ വിവാഹത്തിന് വിധേയയാവുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
സിന്ധ് കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം സാധുവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
അതേസമയം 2014ല്‍ പുറത്തിറങ്ങിയ സിന്ധ് പ്രവിശ്യയിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് ആരോപിച്ചു. 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി 2014ല്‍ ഇവിടെ നിയമം പാസാക്കിയിരുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകന് ആരോപിച്ചു.
content highlights: Pakistan court allows 14 year old marriage to abductor, As she had her first menstrual cycle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..