ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന് അഭിഭാഷകനെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 5 വരെ പാകിസ്താന്‍ കോടതി മാറ്റിവച്ചു. രാജ്യത്തെ ഉന്നത നിയമ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന മാനിച്ചാണ് കേസ് മാറ്റിവെച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ച കേസ് പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കോടതി പാകിസ്താന്‍ അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാന്റെ അഭ്യര്‍ഥന മാനിച്ച് ജാധവിന് അഭിഭാഷകനെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 5 വരെ മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത വാദം കേള്‍ക്കുന്ന തീയതിയില്‍ കോടതിയില്‍ ഹാജരാകാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ അഭിഭാഷകന് കോടതി നോട്ടീസും നല്‍കി.

മെയ് 7-ന് കേസില്‍ വാദം കേട്ട ഇസ്ലാമാബാദ് ഹൈക്കോടതി ബെഞ്ച്, ജൂണ്‍ 15-നകം ജാധവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് മറ്റൊരു അവസരം കൂടി നല്‍കിയിരുന്നു. എന്നാല്‍, ജാദവിന് വേണ്ടി പാകിസ്താന്‍ കോടതിയില്‍ അഭിഭാഷകന്‍ ഹാജരാകുന്നത് കോടതിയുടെ അധികാരപരിധിക്ക് വിധേയമാകലാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തെ മറികടക്കലാണെന്നും ഇന്ത്യ വാദിച്ചതായി ഖാലിദ് ജാവേദ് ഖാന്‍ കോടതിയെ അറിയിച്ചിരുന്നു.

മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാധവിനെ 2016-ലാണ് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍വെച്ച്  പിടികൂടിയത്. റോ ഏജന്റാണ് ജാധവ് എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ജാധവിനെതിരേ ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയ  പാകിസ്താന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു.

തുടര്‍ന്ന് വധശിക്ഷയെ ചോദ്യം ചെയ്തും കുല്‍ഭൂഷണ്‍ ജാധവിന് അഭിഭാഷകരെ അനുവദിക്കാത്തതിനുമെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് പാകിസ്താന്‍ പുനപരിശോധന നടത്തണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതി 2019 ജൂലൈയില്‍ വിധിച്ചു.

Content Highlights: Pakistan court adjourns Kulbhushan Jadhav's case till October 5