Image: NDTV
മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഹമദ് ഒമര്‍ സയീദ് ഷെയ്ഖിന്റെ വധശിക്ഷ പാക് കോടതി ഇളവ് ചെയ്തു. അഹമദ് ഒമര്‍ സയീദ് ഷെയ്ഖിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2002 മുതല്‍ ജയില്‍വാസമനുഭവിക്കുന്ന പ്രതിയുടെ വധശിക്ഷ ഏഴ് വര്‍ഷത്തെ തടവുശിക്ഷയായി കുറയ്ക്കുകയാണ് കോടതി ചെയ്തത്. കേസിലെ മറ്റ് മൂന്ന് പേരെ കോടതി വെറുതെ വിട്ടു.
മുംബൈ ആസ്ഥാനമായ വാള്‍ സ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന ഡാനിയല്‍ പേളിനെ 2002 ജനുവരിയിലാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. 2001 സെപ്റ്റംബറില്‍ യുഎസിന് നേരെയുണ്ടായ ഭീകരാക്രമത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡാനിയല്‍ പേള്‍. ഫെബ്രുവരിയില്‍ പേളിന്റെ തലവെട്ടി മാറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. അധികം താമസിയാതെ അഹമദ് ഒമര്‍ സയീദ് ഷെയ്ഖിനേയും മറ്റ് മൂന്ന് ഭീകരരേയും പിടികൂടി.
എന്നാല്‍ യുഎസ് ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് പേളിന്റെ കൊലപാതകത്തിന് പിന്നിലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2003-ല്‍ പാകിസ്താനില്‍ പിടിയിലായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഇപ്പോള്‍ ഗ്വാണ്ടനാമോ ബേയില്‍ തടവിലാണ്. പേളിനെ കൊലപ്പെടുത്തിയത് താനാണെന്ന് കാണാനെത്തിയ മനഃശാസ്ത്രജ്ഞനോട് ഖാലിദ് വെളിപ്പെടുത്തിയിരുന്നു.
അഹമദ് ഒമര്‍ സയീദ് ഷെയ്ഖിന് വധശിക്ഷയും മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ നല്‍കിയത്. എന്നാല്‍ തെറ്റായ പ്രതികളെയാണ് പിടികൂടിയതെന്ന വാദം മുന്‍നിര്‍ത്തി സയീദ് ഷെയ്ഖ് അപ്പീല്‍ നല്‍കി. 18 കൊല്ലമായി അപ്പീലില്‍ വിധി നല്‍കിയിരുന്നില്ല. എന്നാല്‍ ശിക്ഷാ ഇളവ് നല്‍കിയിട്ടുള്ള കോടതി വിധിയാണ് ഇപ്പോള്‍ പുറത്തു വന്നത്.
പുതിയ വിധി അനുസരിച്ച് സയീദ് ഷെയ്ഖിന്റെ ശിക്ഷാ കാലാവധി അവസാനിച്ചതായും എന്നാല്‍ ജയിലില്‍നിന്ന് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
Content Highlights: Pakistan commutes death sentence of Daniel Pearl killer accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..