ലാഹോര്‍: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഗുരുതരമായ പ്രതിസന്ധിയിലാണ് രാജ്യം. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് പല സംസ്ഥാനങ്ങളും അനുഭവിക്കുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. നിരവധി പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കോടതികള്‍ പോലും വിഷയത്തില്‍ ഇടപെട്ടു. 

ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരിക്കുകയാണ് പാക് ജനത. ഓക്‌സിജന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താനിലെ ജനങ്ങള്‍. പാക് പൗരന്‍മാര്‍ ട്വിറ്ററില്‍ ആരംഭിച്ച ഇന്ത്യ നീഡ്‌സ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങിലായി.

നേരത്തെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. 50 ആംബുലന്‍സുകളുമായി ഇന്ത്യയിലേക്ക് പ്രവേശനാനുമതി തേടി ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Content Highlights: Pakistan citizens urge PM Imran Khan on Twitter to help India with oxygen amid crisis