പെഷവാർ: പാകിസ്താനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ 14 പേരെ പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കാരക് നഗരത്തിലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രി നടന്ന തിരച്ചിലിലാണ് പ്രതികളെ പിടികൂടിയതെന്നും സംഭവത്തിൽ പ്രതികളായ കൂടുതൽ പേരെ പിടികൂടുന്നതിന് പരിശോധനകൾ നടന്നുവരികയാണെന്നും പാകിസ്താൻ പോലീസ് വ്യക്തമാക്കി. പാകിസ്താനിലെ ജംഇയത്ത് ഉലമ ഇ ഇസ്ലാം എന്ന പാർട്ടിയുടെ പ്രവർത്തകരാണ് ആക്രണമണം നടത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്ഷേത്രത്തിനു നേർക്ക് നടന്ന ആക്രമണമെന്ന് പാകിസ്താൻ മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ മതപരവും ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് അധികൃതരിൽനിന്ന് അനുവാദം തേടുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിനു നേർക്ക് ആക്രമണമുണ്ടായത്. അടുത്തിടെ ഇസ്ലാമാബാദിൽ ഹിന്ദുമത വിശ്വാസികൾക്ക് പുതിയ ക്ഷേത്രം പണിയുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു.
Content Highlights:Pakistan arrests 14 people over demolishing of Hindu temple