ന്യൂഡല്‍ഹി: ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്താന്റെ അനുമതി. 50000 ടണ്‍ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൈമാറാനാണ് പാകിസ്താന്‍ അനുമതി നല്‍കിയത്. നേരത്തെ ഈ ആവിശ്യവുമായി താലിബാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ കണ്ടിരുന്നു.

"ആ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. ഇന്ത്യക്ക് ഇനി വാഗാ അതിര്‍ത്തി വഴി ഗോതമ്പ് കൈമാറാം"- അഫ്ഗാന്‍ മന്ത്രിസഭയുടെ വക്താവ് സുലൈമാന്‍ ഷാ സഹീര്‍ മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ സര്‍ക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാന്‍ ജനതയ്ക്കുള്ള ആദ്യത്തെ സഹായമാവും ഈ ഗോതമ്പ് വിതരണം. നേരത്തെ പാകിസ്താനും ഇറാനും യു.എ.ഇയും അഫാഗാന് സഹായമെത്തിച്ചിരുന്നു.

വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങള്‍ ഭക്ഷ്യപ്രതിസന്ധിയെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഗോതമ്പ് വിതരണത്തിനായി അനുമതി തരണമെന്നുള്ള താലിബാന്റെ അഭ്യര്‍ഥന പരിഗണിക്കുമെന്ന് പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നു. 

ഇത്ര വലിയ അളവില്‍ ഗോതമ്പ് വിമാനമാര്‍ഗം എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് കരമാര്‍ഗം എത്തിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് പാകിസ്താന്‍ വൈകിപ്പിക്കുകയായിരുന്നു.

Content Highlights: Pakistan allows India to send wheat to Afghanistan as starvation crisis grows