ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്താന് തിരിച്ചടി. യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാകിസ്താനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇക്കാര്യം പാകിസ്താന്‍ തുറന്നു സമ്മതിച്ചു.
''രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.
നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താല്‍പര്യങ്ങളുണ്ട്. ഇക്കാര്യം താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അധികം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവര്‍ക്ക് തിരിച്ചടിയായിരുന്നു.
മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
Content Highlights: Pakistan accept that everyone in world backing India on Article 370 and bifurcation of J&K