പാരിസ്: ഭീകരവാദത്തിന്റെ ജനിതകം പേറുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ. ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ യുനെസ്കോ സമ്മേളനത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കവേയാണ് പാകിസ്താന് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കടക്കെണിയിലായ പാകിസ്താനില്‍ ഭീകരവാദത്തിന്റെ ജനിതകവുമുണ്ട്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, യാഥാസ്ഥികമായ സമൂഹം, ഭീകരവാദത്തിന്റെ ആഴത്തിലുള്ള സാന്നിധ്യം തുടങ്ങിയ പാകിസ്താനെ പരാജിത രാഷ്ട്രമാക്കിയെന്നും ഇന്ത്യ ആരോപിച്ചു. യുനെസ്കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച അനന്യ അഗര്‍വാളാണ് കടുത്ത വിമര്‍ശനങ്ങള്‍ പാകിസ്താനെതിരെ ചൊരിഞ്ഞത്.
യുനെസ്കോയെ ദുരുപയോഗം ചെയ്ത് വിഷം തുപ്പാന്‍ ഈ വിഷയം രാഷ്ട്രീയവത്കരിച്ച പാകിസ്താന്റ നടപടിയെ അപലപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2018ല്‍ പരാജിത രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താന് 14ാം സ്ഥാനത്ത് എത്തിയ കാര്യവും അനന്യ അഗര്‍വാള്‍ എടുത്തുപറഞ്ഞു. ഭീകരവാദവും മതമൗലികവാദവും ഉള്‍പ്പെടെയുള്ള എല്ലാത്തരത്തിലുമുള്ള ഇരുട്ടിന്റെ കേന്ദ്രമാണ് പാകിസ്താനെന്ന് അവര്‍ ആരോപിച്ചു.
യുഎന്‍ വേദിയെ ആണവയുദ്ധ ഭീഷണി ഉയര്‍ത്താനുള്ള വേദിയാക്കിയ നേതാവുള്ള രാജ്യമാണ് പാകിസ്താനെന്നും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
ഒസാമ ബിന്ലാദനവും ജലാലുദീന്‍ ഹഖാനിയും ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പാകിസ്താനില്‍ വീരപരിവേഷം നല്‍കിയിരുന്നുവെന്ന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പരാമര്‍ശവും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ സ്വന്തം മണ്ണില്‍ അതീജീവനത്തിനായി പൊരുതുമ്പോഴും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണ് പാകിസ്താന് ശ്രമിക്കുന്നത്.
1947ല്‍ പാകിസ്താനില്‍ രൂപീകൃതമായപ്പോള്‍ 23 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. ക്രിസ്ത്യാനികള്‍, സിഖുകാര്‍, അഹമ്മദീയര്‍, ഹിന്ദുക്കള്‍, ഷിയാകള്‍,പഷ്തൂണ്‍,സിന്ധികള്‍, ബലൂചികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ മതനിന്ദാ കുറ്റത്തിന് ഇരകളാകുന്നു. അവര്‍ പരസ്യമായി അധിക്ഷേപത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരകളാക്കപ്പെടുന്നു.
ദുരഭിമാനക്കൊല, ആസിഡ് ആക്രമണങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹം, ശൈശവ വിവാഹം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പ്രശ്നങ്ങള്‍ ഗുരുതരമായി പാകിസ്താനില്‍ നിലനില്ക്കുന്നു- അനന്യ അഗര്‍വാര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാതെ വിദ്വേഷ പ്രസംഗങ്ങളെയും ഭീകരവാദത്തിനെയും വാഴ്ത്തുകയും ചെയ്യുന്ന പാകിസ്താന് ഇന്ത്യയ്ക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി രംഗത്ത് വരികയാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ യുനെസ്കോ വേദിയെ ഒരുരാജ്യവും ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Pakistan a failed state with "DNA Of Terrorism India's befitting replay at UNESCO