ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് എന്നാണ് സൂചന.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യു.എന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാല്‍ ലോകരാജ്യങ്ങള്‍ പലതും ഇതേ സമീപനമാണ് പിന്‍തുടരുന്നത്. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകരാജ്യങ്ങള്‍ ഗൗരവതരമായ ആലോചന നടത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നകാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സാര്‍ക്ക് സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ തള്ളിയത്.

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നവയാണ് സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്താന്‍ ഇതിനോട് യോജിച്ചില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക്ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

Content Highlights: Pak wanted Taliban's representation; SAARC meet cancelled