ഇസ്‌ലാമാബാദ്: പ്രതിരോധ വ്യവസായ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനൊരുങ്ങി പാകിസ്താന്‍. തദ്ദേശീയ വ്യവസായികള്‍ക്ക് പ്രചോദനം നല്‍കാനാണ് അവരുടെ ഈ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രതിരോധ മേഖലയില്‍ നിക്ഷേപം നടത്താന്‍ തുര്‍ക്കിയുടെ സഹായം പാകിസ്താന്‍ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ ഗവേഷണ - വികസന രംഗത്തും നിര്‍മാണ മേഖലയിലും സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന തരത്തിലുള്ളതാണ് പാകിസ്താന്റെ പുതിയ ഡിഫന്‍സ് പ്രൊഡക്ഷന്‍ പോളിസി. പ്രതിരോധ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ സ്വയംഭരണാധികാരം നല്‍കുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയുധങ്ങള്‍ അടക്കമുള്ളവയ്ക്കുവേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനും വരുമാനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ സാമഗ്രികളുടെ ഉത്പാദന മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കുന്നത്. ഒപ്പം വന്‍ നിക്ഷേപവും പാകിസ്താന്‍ ലക്ഷ്യമിടുന്നുണ്ട്.
സബ് മെഷീന്‍ ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍ എന്നിവയുടെ നിര്‍മാണത്തിന് സഹായിക്കാന്‍ പാകിസ്താന്റെ ഓര്‍ഡന്‍സ് ഫാക്ടറിയുമായി തുര്‍ക്കി കരാറില്‍ ഏര്‍പ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം ആദ്യം തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിമാര്‍, വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Content Highlights: Pak to open up defence sector for pvt players, hopes for Turkish investment