ഇസ്ലാമാബാദ്: തടവില്‍ കഴിഞ്ഞ 100 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെക്കൂടി പാകിസ്താന്‍ മോചിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് നൂറ് ഇന്ത്യന്‍ മത്സ്യതൊഴിലളികളെ പാകിസ്താന്‍ ജയിലില്‍നിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.

പല സമയങ്ങളിലായി പാകിസ്താന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്. അടുത്ത നൂറ് മത്സ്യതൊഴിലാളികളെ ഏപ്രില്‍ 22 ന് വെറുതെവിടും. ഏപ്രിലില്‍ 55 മത്സ്യതൊഴിലാളികളെയും 5 തടവുകാരെയും പുറത്തുവിടുന്നതോടെ ഇതിന് അവസാനമാകും.

നേരത്തെ മുതലേ പരസ്പരം സമുദ്രാതിര്‍ത്തി ലംഘിക്കുന്ന നിരവധി മത്സ്യതൊഴിലാളികളെ ഇന്ത്യയും പാകിസ്താനും അറസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമുദ്രാതിര്‍ത്തികള്‍ കൃത്യമായി നിര്‍വചിക്കാത്തതും സാധാരണ മത്സ്യതൊഴിലാളികള്‍ക്ക് അതിര്‍ത്തികള്‍ മനസിലാക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതുമാണ് ഇതിന് കാരണം. എന്നാല്‍ പലപ്പോഴും ഇവരുടെ മോചനം അനിശ്ചിതമായി നീളുകയാണ് പതിവ്.

content highlights: Pak releases another 100 Indian fishermen as goodwill gesture