ഇസ്ലാമാബാദ്: കൊറോണ സ്ഥിരീകരിച്ച ഒരാളുമായി ഇപഴികിയെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിലാകുമെന്ന് സൂചന. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ 15ന് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് ഫൈസലിന് കൊറോണ പരിശോധന നടത്തി. പരിശോധനയിൽ കൊറോണ പോസിറ്റീവാകുകയായിരുന്നു.

ഇതേതുടർന്ന് ഇമ്രാൻ ഖാന് കൊറോണ പരിശോധന നടത്തുമെന്നാണ് പാക് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും തരത്തിലാണ് ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ.

പാകിസ്താനിൽ 9,500 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 197 പേർ മരിച്ചു.

Content Highlights:Pak PM to get tested for COVID 19 and may go into self quarantine