ഇസ്ലാമാബാദ്: രാജ്യത്ത് ബലാത്സംഗക്കേസുകളും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നതിനെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദമായിരിക്കുന്നത്. ചില പോരാട്ടങ്ങള്‍ നിയമം കൊണ്ടുമാത്രം ജയിക്കാന്‍ കഴിയില്ലെന്നാണ് ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. ഇസ്ലാം അനുശാസിക്കുന്ന പര്‍ദ പ്രലോഭനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇമ്രാന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്ത് ട്വീററ് ചെയ്തു. വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകള്‍ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങള്‍ കാക്കാനും പറയൂ എന്നര്‍ഥം വരുന്ന വരികളാണ് അവര്‍ ട്വീറ്റ് ചെയ്തത്. അതിനാല്‍ ഉത്തരവാദിത്വം പുരുഷനാണ് എന്നും അവര്‍ കുറിച്ചു.