അവിശ്വാസപ്രമേയം ചര്‍ച്ചചെയ്തില്ല, 3-ന് സഭ വീണ്ടുംചേരും; പ്രതിപക്ഷവുമായി ധാരണയിലെത്താന്‍ ഇമ്രാന്‍


ഇമ്രാൻ ഖാൻ| Photo: AFP

ലാഹോര്‍: അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കേ പാകിസ്താന്‍ ദേശീയ അസംബ്ലി ഏപ്രില്‍ മൂന്നുവരെ പിരിഞ്ഞു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും.

അവിശ്വാസപ്രമേയം പിന്‍വലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താന്‍ ഇമ്രാന്‍ ഖാന്‍ നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രമേയത്തില്‍ നടക്കേണ്ട ചര്‍ച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്. അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ സഭ പിരിച്ചുവിടാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദേശംവെച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ പ്രത്യേക ദൂതന്‍ മുഖേന കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വര്‍ത്തിക്കും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ഇന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.

മുന്നണിയിലെ സഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് (എം.ക്യു.എം.) ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിക്കുകയും മുഖ്യ പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.)യുമായി ധാരണയിലെത്തുകയും ചെയ്തതോടെയാണ് ഇമ്രാന്‍ ഖാന്റെ നിലനില്‍പ്പ് കൂടുതല്‍ പരുങ്ങലിലായത്.

ഇതിനിടെ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്വ, രഹസ്യാന്വേഷണവിഭാഗം തലവന്‍ നദീന്‍ അന്‍ജുന്‍ എന്നിവരുമായി ഇമ്രാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമ്രാന്‍ രാജിവെക്കില്ലെന്നും അവസാനത്തെ പന്തുവരെ പോരാടുമെന്നും പാകിസ്താന്‍ വാര്‍ത്താവിതരണവകുപ്പ് മന്ത്രി ഫവാദ് ചൗധരി ഇന്നലെ പറഞ്ഞിരുന്നു.

നേരത്തേ, പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് എം.ക്യു.എം. പ്രഖ്യാപിച്ചിരുന്നു. പിന്തുണ ലഭിക്കാന്‍വേണ്ട ഉപാധികളും പാര്‍ട്ടി മുന്നോട്ടുവെച്ചു. മറ്റൊരു സഖ്യകക്ഷിയായ പി.എം.എല്‍.ക്യു.വിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ.) തീരുമാനിച്ചതിനുപിന്നാലെയായിരുന്നു പ്രതികരണം.

അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം.ക്യു.എം. മുന്നണി വിട്ടതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Pak National Assembly to Debate on No-Confidence Vote on April 3

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented