ലാഹോര്‍: രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചത് അടക്കം നിയമ വിരുദ്ധമായാണെന്ന് ഹൈക്കോടതി കണ്ടെത്തിയതായി മുഷറഫിന്റെ അഭിഭാഷകര്‍ പറഞ്ഞു.

ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പാകിസതാന്‍ മുസ്‌ലിം ലീഗ് നവാസ് സര്‍ക്കാര്‍ 2013 ല്‍ ഫയല്‍ചെയ്ത കേസിലായിരുന്നു വിധി. 2007 ല്‍ മുഷറഫ് ഭരണഘടന മരവിപ്പിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിത്.

പിന്നീട്, 2008 ല്‍ ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടര്‍ന്ന് മുഷറഫ് രാജിവച്ചിരുന്നു. 1999 ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷഫറ് പുറത്താക്കിയ നവാസ് ഷെരീഫ് 2013 ല്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതോടെയാണ് മുഷറഫിനെതിരെ കേസെടുത്തത്. പ്രത്യേക കോടതി പിന്നീട് മുഷറഫിന് വധശിക്ഷ വിധിച്ചു.

Content Highlights: Pak court annuls Musharraf's death penalty; declares special tribunal's ruling 'unconstitutional'