ഇസ്ലാമാബാദ്:  അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്താന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

അഫ്ഗാനില്‍നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്താനുമേല്‍ കുറ്റംചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം.

താലിബാനെ പാകിസ്താന്‍ സഹായിക്കുന്നെന്ന് അമേരിക്കയുടെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. ചില സെനറ്റര്‍മാര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഒരു പാകിസ്താനി എന്ന നിലയില്‍ എനിക്ക് അതീവദുഃഖമുണ്ട്. അഫ്ഗാനിസ്താനിലെ പരാജയത്തിന് പാകിസ്താനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് ഞങ്ങള്‍ക്ക് ഏറ്റവും വേദനാജനകമായ കാര്യമാണ്- ഇമ്രാന്‍ പറഞ്ഞു. 

9/ 11 ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്താന്‍ ദുര്‍ബലാവസ്ഥയിലായിരുന്നു. സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പര്‍വേസ് മുഷാറഫ്, തന്റെ സര്‍ക്കാരിനു വേണ്ടി അമേരിക്കന്‍  സഹായം തേടിയിരുന്നു. അഫ്ഗാനിസ്താനിലെ അധിനിവേശത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്കന്‍ സഹായം നേടാന്‍ സാധിച്ചെങ്കിലും അത് ശരിയായ കാര്യമായിരുന്നില്ലെന്നാണ് ഇമ്രാന്‍ കരുതുന്നത്. 

content highlights: paid a very heavy price for siding with us in afghanistan- imran khan