ലണ്ടന്‍:  കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക. സ്ത്രീക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞു.

വാക്‌സില്‍ സ്വീകരിച്ച സ്ത്രീക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍  രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പ്രതികരിച്ചു.

കോവിഡ് വാക്‌സിന്‍ ആഗോള പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്നും അസ്ട്രാസെനെക അറിയിച്ചു. അടുത്തയാഴ്ചയോടെ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രാസെനെകയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പേര്‍ട്ടുകളുണ്ട്. 

ജൂലായ് 20-നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. 2021 ജനുവരിയോടെ വാക്സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍.

Content Highlights: Oxford Covid Vaccine: Trial volunteer had neurological symptoms, says AstraZeneca CEO