Photo: AP
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ മാരകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ ലോകമെമ്പാടും നിരവധി ശാസ്ത്രീയ പഠനങ്ങളാണ് നടക്കുന്നത്. വൈറസിനെതിരായ മരുന്ന് മുതല്‍ വൈറസിന്റെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനുമൊക്കെയുള്ള പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധ രാജ്യങ്ങളിലായി 657 വൈദ്യശാസ്ത്ര പഠനങ്ങളാണ് കോവിഡ് 19 മഹാമാരിക്കിടയാക്കുന്ന വൈറസിനെക്കുറിച്ച് നടക്കുന്നതെന്ന് യുഎസ് നാഷണല്‍ ലബോറട്ടറി ഓഫ് മെഡിസിന്‍, ലോകാരാരോഗ്യ സംഘടന എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവധ തലങ്ങളിലുള്ള പഠനങ്ങളുടെ ഭാഗമായി നിരവധി പഠന റിപ്പോര്‍ട്ടുകളും ദിനംപ്രതിയെന്നോണം പുറത്തുവന്നു കൊണ്ടിരിക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മാത്രം 126 ഗേവഷണങ്ങളാണ് നടക്കുന്നത്. പ്ലാസ്മ ചികിത്സ മുതല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വരെയുള്ള വിവിധ മേഖലകളില്‍ പഠനം നടക്കുന്നുണ്ട്. മോഡേണ, ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവരുടെ പ്രതിരോധ മരുന്ന് പരീക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു.
കൊറോണ വൈറസിന്റെ പ്രാരംഭ കേന്ദ്രം എന്ന് കരുതപ്പെടുന്ന ചൈനയില്‍ ഇതുമായി ബന്ധപ്പെട്ട് 96 പഠനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ട് വാക്‌സിന്‍ പരീക്ഷണവും ഇവിടെ പുരോഗമിക്കുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആകെ 209 ഗവേഷണ പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ളത്. ഫ്രാന്‍സില്‍ മാത്രം 76 ഗവേഷണ പഠനങ്ങള്‍ നടക്കുന്നു. ഇറ്റലി-39, സ്‌പെയിന്‍- 26, ജര്‍മനി- 25 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ്.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടക്കുന്നത് നാല് ക്ലിനിക്കല്‍ പഠനങ്ങളാണ്. കണ്‍വാലസെന്റ് പ്ലാസ്മ ട്രാന്‍സ്ഫ്യൂഷനുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗവേഷണം, ചണ്ഡീഗഢ് പിജിഐഎംഇആറില്‍ നടക്കുന്ന മൈക്കോബാക്ടീരിയം-ഡബ്ല്യൂ പരീക്ഷണം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ പ്രതിരോധ മരുന്ന് ഗവേഷണങ്ങളൊന്നും ഇതുവരെ വൈദ്യശാസ്ത്ര പരീക്ഷണ ഘട്ടത്തില്‍ എത്തിയിട്ടില്ല.
Content Highlights: Over 600 clinical studies underway across world to understand coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..